Times Kerala

ചന്ദ്രോപരിതലത്തില്‍ അന്യഗ്രഹജീവികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആന്റിന കണ്ടെത്തിയതായി റിപ്പോര്‍ട്ട് (വീഡിയോ)

 

ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആന്റിന ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി അവകാശപ്പെട്ടുകൊണ്ട് വിഷയത്തില്‍ പഠനം നടത്തുന്ന മാര്‍ക്ക് സവാല്‍ഹ രംഗത്ത്. നാസ പുറത്തുവിട്ട ചിത്രങ്ങള്‍ അപഗ്രഥനം ചെയ്താണ് സവാല്‍ഹ ഈ നിഗമനത്തിലെത്തിയത്. 3.64 മൈല്‍ (5.8 കിലോമീറ്റര്‍) ഉയരമുള്ള ആന്റിനയാണ് കണ്ടെത്തിയതെന്ന് ഫിന്‍ലാന്‍ഡുകാരനായ മാര്‍ക്ക് പറയുന്നു.

1967 ല്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങളിലാണ് ആന്റിന കണ്ടെത്തിയത് എന്നാണ് യുഎഫ്ഒ സൈറ്റിംഗ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇതൊരു ആന്റിനയല്ല, മറിച്ച് ഭൂമിയെ നിരീക്ഷിക്കാനായി അന്യഗ്രഹജീവികള്‍ ചന്ദ്രനില്‍ സ്ഥാപിച്ച വാച്ച് ടവറാണെന്ന് സംശയിക്കുന്നവരുമുണ്ട്.

നേരത്തെ 2004ല്‍ സാന്‍ ഡീഗോയില്‍ യുഎസ് യുദ്ധവിമാനത്തിലുള്ളവര്‍ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടെന്ന് പ്രസ്താവിച്ച് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ ലൂയിസ് എലിസോന്‍ഡോയും രംഗത്തെത്തിയിരുന്നു. കണ്ടെത്തിയ അജ്ഞാതവസ്തുവിന്റെ സഞ്ചാരം ആകാശപ്പറക്കലുകളുടെ ശാസ്ത്രനിയമങ്ങളെല്ലാം ലംഘിക്കുന്നതായിരുന്നുവെന്ന് എലിസോന്‍ഡോ പറയുന്നു. ചിറകില്ലാത്ത അജ്ഞാത പേടകം ‘ഭിത്തിയില്‍ തട്ടിത്തെറിച്ച പന്തുപോലെ’ സഞ്ചരിക്കുന്നതു കണ്ടതായാണു യുഎസ് വിമാനത്തിലെ പൈലറ്റ് പറഞ്ഞത്.

ഭൂമിയില്‍ മാത്രമല്ല ജീവനുള്ളതെന്നും വിദൂരഗ്രഹങ്ങളില്‍ ആള്‍ താമസമുണ്ടാകാമെന്നുള്ള സിദ്ധാന്തങ്ങള്‍ ഏറെയുണ്ട്. ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഇപ്പോളും അന്യഗ്രഹ ജീവികള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നയാളാണ്.

എന്നാല്‍ ബാഹ്യപ്രപഞ്ചത്തില്‍നിന്നു പറന്നെത്തുന്ന തളികകളെയും ബഹിരാകാശ ജീവികളെയും കണ്ടിട്ടുള്ളതായി കഥകളുണ്ടെങ്കിലും അവയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Related Topics

Share this story