Times Kerala

ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികം: ഹരിതം 2017 പ്രദര്‍ശനം തുടങ്ങി

 

കഴിഞ്ഞ ഒരു വര്‍ഷക്കാലം ഹരിതകേരളം മിഷന്‍ നടത്തിയ വിജയമാതൃകകളുടെ പ്രദര്‍ശനം ഹരിതം 2017 മാനവീയം വീഥിയില്‍ ആരംഭിച്ചു. പ്രദര്‍ശനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐ.ബി. സതീഷ് എംഎല്‍എ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍. സീമ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര, നാടക പ്രവര്‍ത്തക സജിത മഠത്തില്‍ മുഖ്യാതിഥിയായിരുന്നു.

കേരളത്തിന്റെ വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുത്ത് സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ വിശദമാക്കുന്നതാണ് പ്രദര്‍ശനം. ജലസേചന-ജലവിഭവ വകുപ്പ്, മണ്ണ് പര്യവേക്ഷണ-സംരക്ഷണ വകുപ്പ്, സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രം, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ക്ലീന്‍ കേരള കമ്പനി, ഹരിതകേരളം മിഷന്‍ ഇക്കോഷോപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, കുടംബശ്രീ, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവരുടെ ജൈവ സ്റ്റാളുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. ഡിസംബര്‍ 17 വരെ രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. വൈകുന്നേരങ്ങളില്‍ സാംസ്‌കാരിക സന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.

നാല്പതു വര്‍ഷം മുമ്പ് നാമാവശേഷമായിപ്പോയ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് നീരൊഴുക്ക് സാധ്യമാക്കി ആ നദിയില്‍ വള്ളംകളി നടത്താന്‍ പോലും കഴിഞ്ഞത് കേരളത്തിന്റെ പ്രകൃതിയെ പുനരുജ്ജീവിപ്പിക്കാന്‍ ഹരിതകേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഐ.ബി. സതീഷ് എം.എല്‍.എ പറഞ്ഞു. കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ ‘വറ്റാത്ത ഉറവയ്ക്കായി ജല സമൃദ്ധി’ എന്ന പദ്ധതി പൊതുജനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കി. മനുഷ്യരുടെ കൂട്ടായ്മയും കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന മനസ്സുമുണ്ടെങ്കില്‍ എന്തും സാധ്യമാണ് എന്നാണ് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്നത്. വിജയം കണ്ട ഈ മാതൃകകള്‍ സ്വന്തം വീട്ടുമുറ്റത്ത് പ്രാവര്‍ത്തികമാക്കാന്‍ ഈ പ്രദര്‍ശനം പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രകൃതി പുനരുജ്ജീവനത്തെയും ആവാസവ്യവസ്ഥയുടെ സംരക്ഷണത്തെയും കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് അരങ്ങൊരുക്കിയ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷക്കാലം ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ചതെന്ന് എക്‌സിക്യുട്ടീവ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു. സംസ്ഥാനത്തെ വിവിധ വകുപ്പുകളും നാടിനെ സ്‌നേഹിക്കുന്ന ജനങ്ങളും ചേര്‍ന്നു നടത്തിയ ടീം വര്‍ക്കിന്റെ ഉജ്ജ്വല വിജയമാണിത്. സംസ്ഥാനത്തെങ്ങുനിന്നുമുള്ള ആ അനുഭവപാഠങ്ങളാണ് പൊതുജനങ്ങള്‍ക്ക് കണ്ടറിയാന്‍ മാനവീയം വീഥിയില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളതെന്നും ഡോ. സീമ പറഞ്ഞു.

കുട്ടികളെപ്പോലും തികഞ്ഞ പരിസ്ഥിതിബോധമുള്ളവരാക്കി വളര്‍ത്താന്‍ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യാതിഥിയായ സജിത മഠത്തില്‍ പറഞ്ഞു.

ഹരിതകേരളം മിഷന്‍ സാങ്കേതിക ഉപദേഷ്ടാവ് ഡോ. അജയകുമാര്‍ വര്‍മ, ഭൂവിനിയോഗ ബോര്‍ഡ് കണ്‍വീനര്‍ നിസാമുദ്ദീന്‍, ക്ലീന്‍ കേരള കമ്പനി അധ്യക്ഷന്‍ ഹാരൂണ്‍ കബീര്‍, ജലസേചനവകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീലേഖ, മണ്ണ് പര്യവേക്ഷണ വകുപ്പ് ഡയറക്ടര്‍ ബൈജു, വി. സജിത്ത്, ബാലചന്ദ്രന്‍ നായര്‍, അഞ്ജന, പ്രേംജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Related Topics

Share this story