Times Kerala

മമ്മൂട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി

 

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ മമ്മൂട്ടി സിനിമ കസബയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി. മമ്മൂട്ടിയെയും അദ്ദേഹം നായകനായ കസബ സിനിമയേയും ഐഎഫ്എഫ്കെ വേദിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ നടി പേരെടുത്ത് വിമര്‍ശിച്ചു. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലയെന്നും താരം പറഞ്ഞു.

‘ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് (ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്.

ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്.

എന്നാല്‍ നമ്മള്‍ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ്’. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്. ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും.

കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവര്‍ത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചര്‍ച്ച ചെയ്യാന്‍ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു.

Related Topics

Share this story