Times Kerala

ആര്‍ത്തവം: ചില പെണ്‍സംശയങ്ങള്‍

 
ആര്‍ത്തവം: ചില പെണ്‍സംശയങ്ങള്‍

ആര്‍ത്തവകാലത്തെ സംബന്ധിച്ചു പല തരത്തിലുള്ള സംശയങ്ങളും പെണ്‍കുട്ടികള്‍ക്കുണ്ടാകുന്നതു സ്വാഭാവികം. പ്രത്യേകിച്ച്‌ ആര്‍ത്തവം തുടങ്ങുന്ന ഘട്ടങ്ങളില്‍.

ഇത്തരം സംശയങ്ങള്‍ പല പെണ്‍കുട്ടികളും മനസില്‍ തന്നെ വയ്‌ക്കും. ചിലരാകട്ടെ, തെറ്റിദ്ധാരണകള്‍ക്കു പുറമെ പോകുകയും ചെയ്യും.

ആര്‍ത്തവകാലം സംബന്ധിച്ച്‌ പെണ്‍കുട്ടികള്‍ക്കുണ്ടാകാനിടയുള്ള ചില സംശയങ്ങളും ഇവയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളും ഇതാ,

ആദ്യമായി ആര്‍ത്തവം തുടങ്ങുന്ന പെണ്‍കുട്ടികളില്‍ ആര്‍ത്തവ ക്രമക്കേടുകളുണ്ടാകുന്നത് സ്വാഭാവികം. ഇത് ക്രമമാകാന്‍ മാസങ്ങളെടുത്തേക്കാം. ആദ്യത്തെ ആര്‍ത്തവം കഴിഞ്ഞ് ചിലപ്പോള്‍ കുറേ മാസങ്ങള്‍ കഴിഞ്ഞേ വീണ്ടു ഉണ്ടാവുകയുള്ളൂവെന്നു വരാം. ഇത് ഗുരുതരമായ പ്രശ്‌നമാക്കിയെടുക്കേണ്ട. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം.

മാസമുറക്കാലത്ത് ചിലര്‍ക്ക് അതികഠിനമായ വയറുവേദന ഉണ്ടാകുന്നത് സ്വാഭാവികം. സഹിക്കാന്‍ കഴിയാത്ത വേദനയുണ്ടെങ്കില്‍ നാപ്രോക്‌സെന്‍ പോലുള്ള മരുന്നുകള്‍ ഗുണം ചെയ്യും. എന്നാല്‍ കഴിവതും ഇവ ഉപയോഗിയ്‌ക്കാതിരിയ്‌ക്കുക. അത്യാവശ്യമെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടാം. ഇവ സ്ഥിരമായി ഉപയോഗിച്ചാല്‍ ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയാകും.

ടാമ്പൂണുകള്‍ കന്യാചര്‍മം കളയുമോ?
ടാമ്പൂണുകള്‍ കന്യാചര്‍മം കളയുമോ?
ഗര്‍ഭനിരോധന ഗുളികകളും ഇത്തരം വേദന കുറയ്ക്കാനും മാസമുറ ക്രമമാക്കാനും ചില ഡോക്ടര്‍മാരെങ്കിലും നിര്‍ദേശിക്കാറുണ്ട്. ഇതിലെ ഹോര്‍മോണ്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കും.

ആര്‍ത്തവകാലത്തെ ടാമ്പൂണുകളുടെ ഉപയോഗത്തെ സംബന്ധിച്ചും തെറ്റിദ്ധാരണകളുണ്ട്. ഇവ കന്യാചര്‍മം പൊട്ടിപ്പോകാന്‍ ഇട വരുത്തുമോയെന്ന ഭയം ചിലര്‍ക്കെങ്കിലുമുണ്ട്. ഇതില്‍ വാസ്തവമില്ല. ടാമ്പൂണുകള്‍ കന്യാചര്‍മത്തെ കേടുവരുത്തില്ല. എന്നാല്‍ ടാമ്പൂണുകള്‍ എട്ടു മണിക്കൂറില്‍ അധികം ധരിക്കാനാവില്ല. ഇത് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന അസുഖമുണ്ടാക്കും.

ആര്‍ത്തവകാലത്ത് വിശ്രമം വേണം, വ്യായാമമരുത് തുടങ്ങിയ ചിന്താഗതികളും തെറ്റാണ്. ആയാസമുണ്ടാക്കാത്ത വ്യായാമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ സമയത്തുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കാനേ ഉപകരിക്കൂ.

മാസമുറ തുടങ്ങി ആറുമാസത്തിനു ശേഷവും ക്രമമല്ലെങ്കിലും കൃത്യമായ മാസമുറയുണ്ടായിട്ട്‌ ഇടയ്‌ക്കു ക്രമക്കേടുകളുണ്ടാകുകയാണെങ്കിലും ഡോക്ടര്‍മാരുടെ ഉപദേശം തേടുക. ഇവ പലപ്പോഴും മറ്റരോഗ്യപ്രശ്‌നങ്ങള്‍ കാരണവുമാകാം.

ആര്‍ത്തവകാലത്തു ശുചിത്വം പാലിച്ചില്ലെങ്കില്‍ അണുബാധകള്‍ ഏറെ വരാന്‍ സാധ്യതയുള്ള സമയമാണ്‌. പാഡുകള്‍ നാലു മണിക്കൂറില്‍ മാറ്റുക, അടിവസ്‌ത്രങ്ങള്‍ രണ്ടുനേരവും മാറ്റുക, വൃത്തിയായി കഴുകുക എന്നിവയെല്ലാം പ്രധാനം

Related Topics

Share this story