Times Kerala

‘സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം’ ഹാദിയക്കെതിരെ പൊട്ടിത്തെറിച്ച് ജോയ് മാത്യു

 

സാമൂഹിക പ്രശ്നങ്ങളിലും സമകാലിക വിഷയങ്ങളിലും എപ്പോഴും പ്രതികരിക്കുകയും തന്റെ നിലപാട് അറിയിക്കുകയും ചെയ്യുന്ന നടനാണ് ജോയ് മാത്യു. ഇപ്പോൾ ഹാദിയ കേസിലും അദ്ദേഹം തന്റെ നിലപാട് രൂക്ഷമായ ഭാഷയിൽ അറിയിച്ചിരിക്കുകയാണ്.

സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനാണ് ഒരു തന്ത ചുമക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം. തന്റെ ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അഛനാണോ കാമുകനാണോ വലുത്‌ എന്നത്‌ എക്കാലത്തേയും (പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ .

എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത നിങ്ങളുടേയോ?

അതേസമയം സുപ്രീം കോടതി വിധിയില്‍ ആശ്വാസം കണ്ടെത്തി ഹാദിയയും മാതാപിതാക്കളും സ്വന്തം വഴികളിലേക്ക് തിരിച്ചു. മകളെ വിമാനത്തില്‍ സേലത്തേക്ക് കയറ്റിവിട്ട് അശോകനും ഭാര്യയും നാട്ടിലേക്ക് പുറപ്പെട്ടു. സുപ്രീംകോടതി കഴിഞ്ഞദിവസം സേലത്ത് തുടര്‍ പഠനത്തിന് അനുമതി നല്‍കിയതിനാല്‍ കേരള ഹൗസില്‍ താമസിപ്പിച്ചിരുന്ന ഹാദിയ 1.20ന് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് തിരിക്കുകയായിരുന്നു.

എന്നാൽ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ സേലത്ത് വച്ച് കാണാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹാദിയ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിവിധിയില്‍ സന്തോഷമുണ്ട്. തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഷെഫിന്‍ ജഹാന് ഒപ്പം പോകണമെന്നാണ് ആഗ്രഹമെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story