വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു; വിദേശത്തേക്ക് കടന്ന വധശ്രമ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
ക്രൈം ഡെസ്ക് | തിരുവനന്തപുരം
പോത്തന്‍കോട്: മംഗലപുരം ഇടവിളാകം കെ.എസ്. ഭവനില്‍ കുമാരിയെയും കുടുംബത്തേയും മണ്‍വെട്ടികൊണ്ട് തലയില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവിളാകം കുട്ടപ്പന്മേശിരിമുക്ക് നിര്‍മ്മലാഭവനില്‍ ബാബു(50) നെയാണ് പിടികൂടിയത്. രണ്ടാം പ്രതി സുന്ദരനെ കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റ് റിമാന്‍ഡ് ചെയ്തിരുന്നു.
മൂന്നാം പ്രതി ബാബുവിന്റെ സഹോദരി സിന്ധു കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതിയ്ക്കെതിരെ ലൂക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിദേശത്തുനിന്നും തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയ്ക്കെതിരെ കൊലപാതക ശ്രമം, കോടതി ഉത്തരവ് ലംഘിക്കല്‍, അതിക്രമിച്ചു കയറല്‍, സ്ത്രീകളെ അപമാനിയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരം കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥനായ പോത്തന്‍കോട് സിഐ എസ്. ഷാജി പറഞ്ഞു.