Times Kerala

“ദാരിദ്ര്യം മാറണോ? വീട്ടില്‍നിന്നു ക്രിസ്‌തുവിന്റെ ചിത്രം നീക്കം ചെയ്യൂ, പകരം ഈ ചി​‍ത്രം വയ്ക്കൂ ..”വിചിത്ര ആഹ്വാനവുമായി ഭരണകൂടം

 

ബെയ്‌ജിങ്‌: “ദാരിദ്ര്യം മാറണോ? വീട്ടില്‍നിന്നു ക്രിസ്‌തുവിന്റെ ചിത്രം നീക്കം ചെയ്യൂ. പകരം നമ്മുടെ പ്രസിഡന്റ്‌ ഷി ചിന്‍പിങ്ങിനെ പ്രതിഷ്‌ഠിക്കൂ…” ആഹ്വാനം ചെയ്യുന്നത്‌ ചൈനീസ്‌ ഭരണകൂടമാണ്‌. തെക്കുകിഴക്കന്‍ ചൈനയിലെ പ്രാദേശിക ഭരണകൂടമാണു പുതിയ “ആരാധനയ്‌ക്കു” പിന്നില്‍. ക്രിസ്‌ത്യാനികള്‍ക്കിടയിലാണു ക്രിസ്‌തുവിനെയും ഷീയെയും താരതമ്യം ചെയ്‌തുള്ള പ്രചാരണം നടക്കുന്നത്‌. ചില വീടുകളിലെങ്കിലും യേശുവിനു പകരം ഷി ചിന്‍പിങ്ങിന്റെ ചിത്രം സ്‌ഥാപിച്ചതായി ചൈനീസ്‌ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ജിയാക്‌സി പ്രവിശ്യയില്‍ 10 ശതമാനമാണു ക്രിസ്‌ത്യാനികള്‍. ഇവരില്‍ 11 ശതമാനം കടുത്ത ദാരിദ്ര്യത്തിലാണു കഴിയുന്നത്‌.

2020 ല്‍ ചൈനയില്‍നിന്നു ദാരിദ്ര്യം തുടച്ചുനീക്കണമെന്നാണു ചൈനീസ്‌ ഭരണകൂടത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം യുഗാനിലെ ക്രിസ്‌ത്യന്‍ കുടുംബങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ക്രിസ്‌തുവിന്റെ ചിത്രങ്ങള്‍, സുവിശേഷ വാക്യങ്ങള്‍, കുരിശുകള്‍ തുടങ്ങിയവ മാറ്റണമെന്നാണു ഭരണകൂടത്തിന്റെ നിര്‍ദേശമെന്നു ഹോങ്കോങ്ങിലെ സൗത്ത്‌ ചൈന മോണിങ്‌ പോസ്‌റ്റ്‌ റിപ്പോര്‍ട്ടു ചെയ്‌തു. അതേസമയം, തങ്ങളുടെ സന്ദര്‍ശനത്തിന്റെ ഫലമായി അറുനൂറോളം വരുന്ന ഗ്രാമവാസികള്‍ മതവിശ്വാസത്തില്‍നിന്ന്‌ മോചിതരായെന്ന കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു. വീടുകളിലുണ്ടായിരുന്ന മതഗ്രന്ഥങ്ങള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ മാറ്റി ഷീയുടെ ചിത്രങ്ങള്‍ സ്‌ഥാപിച്ചു.

ചൈനയില്‍ ക്രിസ്‌ത്യാനികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌. പാര്‍ട്ടി അംഗങ്ങളേക്കാള്‍ രാജ്യത്ത്‌ ക്രിസ്‌ത്യാനികളുണ്ടെന്ന വാദം സജീവമാണ്‌. മതത്തിനെതിരായ പ്രചാരണം അടുത്ത മാര്‍ച്ച്‌വരെ തുടരുമെന്നു ഹുവാന്‍ജിന്‍ബു പീപ്പിള്‍ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ ക്വി യാന്‍ അറിയിച്ചു. “ചിലര്‍ക്കു വിശ്വാസമുണ്ട്‌ ദൈവമാണു രക്ഷകനെന്ന്‌. എന്നാല്‍ യാഥാര്‍ഥത്തില്‍ രക്ഷകന്‍ ചിന്‍പിങ്ങാണെന്നു ജനം മനസിലാക്കിത്തുടങ്ങി”. മതം ഉപേക്ഷിക്കാനുള്ള പ്രചാരണത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞു. മാവോ സെതുങ്ങിന്റേതുപോലെ വീടുകളില്‍ ഷിയുടെ ചിത്രം സ്‌ഥാപിക്കുകയാണു പാര്‍ട്ടിയുടെ ലക്ഷ്യം. അറുപത്തിനാലുകാരനായ ഷിയുടെ പ്രത്യയശാസ്‌ത്രം പാര്‍ട്ടി ഭരണഘടനയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Related Topics

Share this story