Nature

കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച്‌ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പോഷണ്‍ അഭിയാന്റെ ഭാഗമായി ആരംഭിച്ച സമ്പുഷ്ട കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച്‌ സെന്റര്‍) ആരംഭിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്മെന്റു (NIFTEM) മായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ പി.ആര്‍.ചേംബറില്‍ നടന്ന ചടങ്ങില്‍ നിഫ്റ്റെം രജിസ്ട്രാര്‍ ഡോ. ജെ.എസ്. റാണയും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡോ. കോമള്‍ ചൗഹാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗവേഷണ കേന്ദ്രത്തിനായി 41,99,520 രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സമ്പുഷ്ട കേരളത്തിന് കീഴിലുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ ഭാരക്കുറവ്, വളര്‍ച്ച മുരടിക്കല്‍, വിളര്‍ച്ചയുടെ വ്യാപനം എന്നിവ കണ്ടെത്താനും ഫലപ്രദമായി ഇടപെടാനുമാണ് ഗവേഷണകേന്ദ്രം ലക്ഷ്യമിടുന്നത്. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച പോഷകാഹാരവും ആരോഗ്യ സംബന്ധമായ പദ്ധതികളുടെ നടപ്പാക്കല്‍, മേല്‍നോട്ടം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികസഹായം, പ്രചാരണം, എന്നിവയ്ക്കായുള്ള ഗവേഷണ സ്ഥാപനമായിരിക്കും ഇത്. ഈ ഗവേഷണ കേന്ദ്രം ജീവിതചക്രത്തിലൂന്നി പോഷകാഹാരം വിലയിരുത്തി ലിംഗഭേദം കൂടാതെ ശിശു സംരക്ഷണം, നേരത്തെയുള്ള പഠനം, ആശയവിനിമയം, പോഷകാഹാര നിരീക്ഷണം എന്നിവ ഉറപ്പുവരുത്തും. പോഷകാഹാര മേഖലകളിലെ വിദഗ്ധരോടൊപ്പം വിവിധ പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ ഏജന്‍സികള്‍ എന്നിവര്‍ ഗവേഷണത്തില്‍ പങ്കാളികളാകും.

കുട്ടികള്‍ക്കിടയിലെ വളര്‍ച്ച മുരടിപ്പിന്റെ സാധ്യത 25 ശതമാനത്തില്‍ താഴെയാക്കുക, ആറ് വയസുവരെയുള്ള കുട്ടികളിലെ ഭാരക്കുറവ് 25 ശതമാനത്തില്‍ താഴെയാക്കുക, ആറ് മുതല്‍ 59 മാസം വരെ പ്രായമുള്ള ചെറിയ കുട്ടികളില്‍ വിളര്‍ച്ച 43 ശതമാനത്തില്‍ താഴെയാക്കുക, 15 മുതലുള്ള കൗമാരക്കാരായ പെണ്‍കുട്ടികളുടേയും 49 വയസ് വരെയുള്ള സ്ത്രീകളുടേയും വിളര്‍ച്ച 38 ശതമാനത്തില്‍ താഴെയാക്കുക എന്നിവയാണ് ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍.കേരളത്തിലുടനീളമുള്ള പോഷകാഹാര കുറവിനെപ്പറ്റി പഠിക്കുക, ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഫലപ്രാപ്തത, വിളര്‍ച്ചയെയും മറ്റ് സാംക്രമിക രോഗങ്ങളെയും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍, അമൃതം ന്യൂട്രിമിക്സിന്റെ ഗുണനിലവാര വിലയിരുത്തല്‍ എന്നിവയും പഠനവിധേയമാക്കും.

വനിത ശിശു വികസന വകുപ്പിന്റെ പ്രതിദിന വാട്സ്‌ആപ് പ്രക്ഷേപണമായ പോഷന്‍വാണിയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യത്തെ പ്രക്ഷേപണവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച്‌ വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രതിദിന വാട്സാപ്പാണിത്. ഓരോ ദിവസവും ഒരു വിഷയമാണ് പ്രക്ഷേപണം ചെയ്യുന്നത്. അവകാശങ്ങള്‍, നിയമങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, ആരോഗ്യം, പോഷണം തുടങ്ങി സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന വ്യത്യസ്ത വിഷയങ്ങള്‍ നിത്യവും അവതരിപ്പിക്കും. സംഭാഷണം, ലഘു നാടകം, ഗാനങ്ങള്‍, അഭിമുഖം എന്നിങ്ങനെയാണ് ഈ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.

രണ്ട് മുതല്‍ നാല് മിനിട്ട് ദൈര്‍ഘ്യമുള്ള സന്ദേശമാണ് ദിവസവും പ്രക്ഷേപണം ചെയ്യുക. കേരളത്തിലെ അങ്കണവാടി സംവിധാനങ്ങളിലൂടെ വകുപ്പിന്റെ സേവനങ്ങളും അറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്തുന്നു. ദിവസവും രാവിലെ 10 മണിക്ക് അതാതു ദിവസത്തെ സന്ദേശം പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് അയക്കും. പ്രോഗ്രാം ഓഫീസര്‍മാര്‍ സി.ഡി.പി.ഒ.മാര്‍ക്കും സി.ഡി.പി.ഒ.മാര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും, സൂപ്പര്‍വൈസര്‍മാര്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും നിത്യവും സന്ദേശങ്ങള്‍ കൈമാറും. അങ്കണവാടി വര്‍ക്കര്‍മാര്‍ അവരുടെ ഗ്രൂപ്പുകളിലൂടെ ഈ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

You might also like

Comments are closed.