Times Kerala

മൂന്നാംമുറയും അഴിമതിയും പൊലീസ് സേനയില്‍ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

 

തിരുവനന്തപുരം: മൂന്നാംമുറയും അഴിമതിയും പൊലീസ് സേനയില്‍ പൂര്‍ണമായി ഇല്ലാതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ബലപ്രയോഗവും ഭീഷണിയുമാണ് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം എന്ന ധാരണയ്ക്ക് മാറ്റം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്.എ.പി കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതിക്ക് വശംവദരാകുന്നത് വേലി തന്നെ വിളവ് തിന്നുന്ന നിലയാണ്. ജനങ്ങളോട് മര്യാദയോടെ പെരുമാറുന്ന, സ്ത്രീകളും ദുര്‍ബലവിഭാഗങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും ആവലാതിക്ക് ആശ്വാസമേകുന്ന, അഴിമതിക്ക് വശംവദരാകാത്ത പൊലീസാണ് നാടിനാവശ്യം. അപൂര്‍വം ചിലര്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ സ്‌പെഷ്യല്‍ ആംഡ് പോലീസിലെ പുതിയ കോണ്‍സ്റ്റബിള്‍മാരുടെ പരേഡ് വീക്ഷിച്ച് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരിശീലന കാലയളവില്‍ വിവിധമേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

Related Topics

Share this story