Times Kerala

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം; തൃശൂർ ജില്ല ഹൈടെക്ക് ആവുന്നു

 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം; തൃശൂർ ജില്ല ഹൈടെക്ക് ആവുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ അഥവാ കൈറ്റ് മുഖേന നടപ്പാക്കി വരുന്ന പദ്ധതികൾ ജില്ലയിൽ പൂർത്തിയാവുന്നു. ഹൈടെക്ക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ ഇത് വരെ 9817 ലാപ്‌ടോപ്പുകളും 8377 യുഎസ്ബി സ്പീക്കറുകളും 5721 പ്രൊജക്ടറുകളും വിന്യസിച്ച് കഴിഞ്ഞു. ജില്ലാ ഹൈടെക്ക് സ്‌കൂൾ നേട്ടപ്രഖ്യാപനം ജനുവരിയിൽ നടക്കും.
8-ാം തരം മുതൽ 12-ാം തരം വരെയുളള 442 സ്‌കൂളുകളാണ് പദ്ധതി വഴി ഹൈടെക്കായത്. ഇതിൽ 186 സർക്കാർ സ്‌കൂളും 256 എയ്ഡഡ് സ്‌കൂളും ഉൾപ്പെടും. ഒന്നാം തരം മുതൽ ഏഴ് തരം വരെയുളള ക്ലാസ്സുകളിലെ ഹൈടെക്ക് പ്രവർത്തനങ്ങൾ തുടരുന്നു. 807 സ്‌കൂളുകളിൽ പദ്ധതി പൂർത്തിയായി. ഇതിൽ 228 സർക്കാർ സ്‌കൂളുകളും 579 എയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടും. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും ഉപകരണ വിതരണം പൂർത്തിയായി.
ഒന്നാം തരം മുതൽ 12-ാം തരം വരെയുളള സ്‌കൂളിൽ ഇത് വരെ 9817 ലാപ്‌ടോപ്പ്, 8377 യുഎസ്ബി സ്പീക്കർ, 5721 പ്രൊജക്ടർ, 3375 മൗണ്ടിംഗ് കിറ്റുകൾ, 1942 സ്‌ക്രീനുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിന്യസിച്ചത് ഇതിന് പുറമേ 415 എൽഇഡി, 442 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, 406 ഡിഎസ്എൽആർ ക്യാമറ, 423 എച്ച് ഡി വെബ്ക്യാം എന്നിവ സ്‌കൂൾക്ക് നൽകി.
എരുമപ്പെട്ടി ഗവ. എച്ച്എസ്എസ്, മതിലകം സെന്റ് ജോസഫ് എച്ച്എസ്എസ്, ഇരിങ്ങാലക്കുട നാഷണൽ എച്ച്എസ്എസ്, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, ചെറുതുരുത്തി ഗവ. എച്ച്എസ്എസ്, പഴയന്നൂർ ഗവ. എച്ച്എസ്എസ് എന്നീ സ്‌കൂളുകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.

Related Topics

Share this story