Times Kerala

റഷ്യന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാചരണം നവംബര്‍ 3,4,5 തിയതികളില്‍ പുത്തരിക്കണ്ടം മൈതാനത്ത്

 

മൂന്ന് ദിവസം നീളുന്ന മാനവശക്തി ചരിത്ര പ്രദര്‍ശനം

ഡോ.ദേശമംഗലം രാമകൃഷ്ണന്‍ നയിക്കുന്ന കവി സമ്മേളനം

കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരിക സദസ്സ്

സോവിയറ്റ് സിനിമയെക്കുറിച്ചുളള സെമിനാര്‍

ലോകത്തെ പിടിച്ചുകുലുക്കിയ റഷ്യന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാചരണത്തിന്റെ സംസ്ഥാനതല സമാപന പരിപാടികള്‍ നവംബര്‍ 3,4,5 തിയ്യതികളില്‍ എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ ആരംഭിക്കും. ലെനിന്‍ നയിച്ച നവംബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ചരിത്ര പാഠങ്ങള്‍, ലോകത്ത് സോഷ്യലിസം വരുത്തിയ വിജയകരമായ പുരോഗതി, രണ്ടാംലോക മഹായുദ്ധത്തില്‍ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ശക്തിയെ പരാജയപ്പെടുത്താന്‍ സോവിയറ്റ് യൂണിയന്‍ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമായി അവതരിപ്പിക്കുന്ന മാനവശക്തി ചരിത്ര പ്രദര്‍ശനം 3 ന് രാവിലെ 10മണി മുതല്‍ ആരംഭിക്കും.

സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വികാസ ചരിത്രത്തെ വര്‍ഗ്ഗപരമായി വിശകലനം ചെയ്യുന്ന 150 ല്‍ പരം സ്ലൈഡുകളാണ് മാനവശക്തി ചരിത്രപ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകര്‍ക്കും, ചരിത്ര കുതുകികള്‍ക്കും, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനം ചെയ്യുന്ന രീതിയിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മാനവശക്തി ചരിത്രപ്രദര്‍ശനത്തോടൊപ്പം, പൊതുസമ്മേളനം, സെമിനാറുകള്‍, സാംസ്‌കാരിക സദസ്സ്, കവി സമ്മേളനം, സംഗീതസദസ്സ്, സിനിമാപ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

നവംബര്‍ 4 ന് രാവിലെ 10.30 ന് കവിസമ്മേളനം ഡോ.ദേശമംഗലം രാമകൃഷ്ണനും വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സദസ്സ്കുരീപ്പുഴ ശ്രീകുമാറും ഉദ്ഘാടനം ചെയ്യും. 6 മണിക്ക് ലോകസമാധാനത്തിനു നേരെ സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ എസ്.യു.സി.ഐ കേന്ദ്രസ്റ്റാഫും ആന്ധ്ര-തെലുങ്കാന സംസ്ഥാനസെക്രട്ടറിയുമായ കെ.ശ്രീധര്‍ഉദ്ഘാടനം ചെയ്യും. ആനത്തലവട്ടം ആനന്ദന്‍, ബി.ആര്‍.പി. ഭാസ്‌കര്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.എസ്.ഹരിഹരന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

5ന് നടക്കുന്ന സോവിയറ്റ് സിനിമയെക്കുറിച്ചുളള സെമിനാര്‍ കെ.പി.കുമാരനും സോവിയറ്റ് വിദ്യാഭ്യാസം, ശാസ്ത്രം, സ്ത്രീവിമോചനം എന്ന സെമിനാര്‍ സി.ഗൗരീദാസന്‍ നായരും ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളില്‍ എസ്.യു.സി.ഐ(സി) യുടെ മുതിര്‍ന്ന നേതാക്കളായ സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ്, ഡോ.വി.വേണുഗോപാല്‍, ജയ്‌സണ്‍ ജോസഫ് എന്നിവരും പങ്കെടുക്കും.

ദേശീയതല സമാപന പരിപാടികള്‍ നവംബര്‍ 17ന് കൊല്‍ക്കത്തയില്‍ നടക്കും.

Related Topics

Share this story