Times Kerala

ചാവക്കാട് നഗരസഭയിൽ തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കാൻ 50 ലക്ഷം

 
ചാവക്കാട് നഗരസഭയിൽ തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കാൻ 50 ലക്ഷം

ചാവക്കാട് നഗരസഭയിലെ മുഴുവൻ തെരുവ് വിളക്കുകളും എൽ.ഇ.ഡി വിളക്കുകൾ ആക്കി മാറ്റാൻ തീരുമാനമായി. 50 ലക്ഷം ചെലവിട്ട് നടത്തുന്ന ഈ പദ്ധതി സർക്കാർ ഏജൻസിയായ കേരള റൂറൽ എംപ്ലോയ്‌മെൻറ് വെൽഫയർ സൊസൈറ്റി (ക്രൂസ്) മുഖേനയാണ് നടപ്പിലാക്കുന്നത്. നഗരസഭയിൽ 66 ലക്ഷം രൂപ ചെലവിൽ വിവിധ നിർമ്മാണ പദ്ധതികളുടെ ടെണ്ടറുകൾ ചെയർമാൻ എൻ.കെ. അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗം അഗീകരിച്ചു.
ചാവക്കാട് മുതുവട്ടൂരിൽ നിർമ്മിക്കുന്ന ഷീസ്റ്റേ കെട്ടിടം വൈദ്യുതീകരണത്തിന് 20 ലക്ഷവും, പുന്ന ഗവ. എം.എൽ.പി സ്‌കൂൾ വളപ്പിലെ കുളം നവീകരണത്തിന് 14 ലക്ഷവും വകയിരുത്തി. ബ്ലാങ്ങാട് ഗവ ഫിഷറീസ് യു.പി. സ്‌കൂൾ നവീകരണത്തിന് നാല് ലക്ഷവും നഗരസഭാ ഓഫീസിനു സമീപത്തെ ആർ.കെ. ഉമ്മർ സ്മാരക അനക്‌സ് രണ്ടാം നില നിർമ്മാണത്തിന് 14.5 ലക്ഷവുമാണ് ചെലവിടുന്നത്. നഗരസഭ 14ാം വാർഡിൽ അംഗനവാടി കെട്ടിടം നിർമ്മിക്കുന്നതിന് 4.5 ലക്ഷം മുടക്കി ഭൂമി വാങ്ങുന്നതിനും യോഗം തീരുമാനിച്ചു. മലിന ജലം സംസ്‌കരിക്കുന്ന സീവേജ് ട്രീറ്റ്‌മെൻറ് സംവിധാനം നഗരസഭയിൽ നടപ്പിലാക്കുന്നതിനുള്ള സമഗ്ര പഠനത്തിനായി സർക്കാർ അംഗീകൃത കൺസൽട്ടൻസി സ്ഥാപനത്തെ ചുമതലപ്പെടുത്തുന്നതിനും മടേക്കടവിൽ റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനും തീരുമാനമായി.
വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എച്ച്. സലാം, എ.സി. ആനന്ദൻ, എ.എ. മഹേന്ദ്രൻ, എം.ബി. രാജലക്ഷ്മി, സഫൂറ ബക്കർ, മറ്റ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ, അസി. എൻജിനീയർ പി.ജെ. ജെസി, ഹെൽത്ത് ഇൻസ്‌പെക്ടർ പോൾ തോമസ് എന്നിവർ പങ്കെടുത്തു.

Related Topics

Share this story