Times Kerala

ആണവ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയയില്‍ തുരങ്കം തകര്‍ന്ന് 200ലേറെ പേര്‍ കൊല്ലപ്പെട്ടു

 

ടോക്കിയോ: ആണവ പരീക്ഷണം നടത്തുന്നതിനിടയില്‍ ഉത്തര കൊറിയയില്‍ തുരങ്കം തകര്‍ന്നുവീണ് 200ലേറെ പേര്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ സെപ്തംബര്‍ ആദ്യം ഉത്തര കൊറിയയുടെ പങ്ക്യ-രിയില്‍ ആറാമത് തവണ നടത്തിയ ഭൂഗര്‍ഭ ആണവ പരീക്ഷണത്തിലാണ് അപകടമുണ്ടായതെന്നാണ് ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയായ ആസാഹി ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഉത്തര കൊറിയന്‍ അധികൃതരെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബര്‍ 3ന് നടത്തിയ ആറാമത്തെ പരീക്ഷണത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നൂറോളം തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് 200ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങള്‍ പര്‍വ്വതം ഇടിയുന്നതിന് വഴിയൊരുക്കുമെന്നും കൂടാതെ ആണവ പ്രസരണം ചൈന അതിര്‍ത്തിയിലുള്ള പ്രദേശത്തെ പടരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആണവായുധ പരീക്ഷണത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജപ്പാനിലെ ഹിരോഷിമയില്‍ 1945ല്‍ വര്‍ഷിച്ച ഹൈഡ്രജന്‍ ബോംബിന്റെ എട്ടിരട്ടി ശക്തിയും 120 കിലോ ടണ്‍ ഭാരമുള്ള അണുബോംബാണ് പരീക്ഷണം നടത്തിയിരുന്നത്.

Related Topics

Share this story