Times Kerala

മദ്യപിച്ച് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തി ജനാലയ്ക്കുള്ളിലൂടെ കൈയ്യിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍, സംഭവം കാഞ്ഞങ്ങാട്

 

കാഞ്ഞങ്ങാട്: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മദ്യപിച്ചെത്തി ക്യാന്ററീന്‍ ജനലിന് ഉള്ളിലൂടെ കയ്യിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ പൊലീസുകാരനായ ശ്രീജിത്തിനെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാലയുടെ നിലേശ്വരത്തെ കാമ്പസിന്റെ വനിതാ ഹോസ്റ്റലിലാണ് ഇയാള്‍ മദ്യ ലഹരിയില്‍ കയറിയത്. ഹോസ്റ്റലില്‍ പ്രവേശിച്ച് ക്യാന്റീന്‍ ജനലിലൂടെ കയ്യിട്ടതോടെ പെണ്‍കുട്ടികള്‍ ബഹളം വെച്ചു. ഇവരുടെ ബഹളം കേട്ട് ഓടിക്കൂടിയവര്‍ ഇയാളെ പിടിച്ചു. തുടര്‍ന്ന് ജനക്കൂട്ടം ചോദ്യം ചെയ്തപ്പോഴാണ് പൊലീസുകാരനാണെന്ന് മനസിലായത്.

പിന്നീടിയാളെ നിലേശ്വരം പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും, അശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി.

എന്നാല്‍ വീട്ടിലേക്ക് പോകുന്നതിന് ഇടയില്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു എന്നായിരുന്നു പിടിയിലായ പൊലീസുകാരന്‍ നല്‍കിയ മൊഴി. ഇത് തെറ്റാണെന്ന് ബോധ്യമായതോടെയാണ് ജില്ലാ പൊലീസ് മേധാവി ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Related Topics

Share this story