Times Kerala

ആഗ്രയില്‍ സ്വിസ് ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവം: സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

 

ന്യൂഡല്‍ഹി: ആഗ്രയില്‍ ഫത്തേപൂര്‍ സിക്രി സന്ദര്‍ശിക്കവേ സ്വിസ് പൗരന്മാരായ ദമ്പതികള്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് ഇരുവരും ഒരു സംഘത്തിന്റെ ആക്രമണത്തിനിരയായത്. താജ്മഹല്‍ കണ്ട ശേഷം ഫത്തേപൂര്‍ സിക്രിയിലെത്തിയ ഇവരെ ഒരു കൂട്ടമാളുകള്‍ ആയുധങ്ങളും കല്ലും വടിയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ സ്വിസ് ടൂറിസ്റ്റുകളായ ക്വന്റിന്‍ ജെര്‍മി,മാരി ഡ്രോക്‌സ് എന്നിവര്‍ക്ക് തലയോട്ടിക്ക് പരുക്കേല്‍ക്കുകയും എല്ലുകള്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് മന്ത്രി ആവശ്യപ്പെട്ടത്. ഇരുവരെയും വിദേശകാര്യ പ്രതിനിധി സംഘം ആശുപത്രിയില്‍ സന്ദര്‍ശിക്കുമെന്നും സുഷമ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് ഇരുവരും ആഗ്രയിലേക്ക് വിനോദയാത്രക്കെത്തിയത്. ആഗ്രയില്‍ വച്ച് സംഘം ദമ്പതികളെ തടഞ്ഞു നിര്‍ത്തി ശല്യം ചെയ്യുകയും യുവതിയുമൊത്ത് സെല്‍ഫിയെടുക്കാനും ശ്രമിച്ചു. ഇതു തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. നാലു പേരടങ്ങുന്ന സംഘമാണ് ഇരുവരെയും ക്രൂരമായി മര്‍ദിച്ചത്. ഇരുവരും ഇപ്പോള്‍ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Topics

Share this story