Times Kerala

പെരിഞ്ചാംകുട്ടി: ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ വീതം നല്‍കും

 

ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍നിന്ന് കുഴിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങളെ അതേ സ്ഥലത്തുതന്നെ പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള പെരിഞ്ചാംകുട്ടിയില്‍ കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി വീതം നല്‍കാനാണ് തീരുമാനം. 1978-ല്‍ പെരിഞ്ചാംകുട്ടിയില്‍ തേക്ക് വെച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂമി ഇപ്പോഴും റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലാണ്. അതിനാല്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ല.

എന്നാല്‍ തേക്ക് മരങ്ങള്‍ വനം വകുപ്പിന്റേതായിരിക്കും. മരങ്ങള്‍ക്ക് പ്രായമെത്തുമ്പോള്‍ വനംവകുപ്പിന് അതു മുറിച്ചു മാറ്റാവുന്നതാണ്. യോഗത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍, വനം മന്ത്രി കെ.രാജു, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓര്‍ഡിനേഷന്‍) വി.എസ്. സെന്തില്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story