Times Kerala

ഷെറിന്‍ മാത്യൂസിനെ കൊണ്ടു പോയത് കുറുക്കനല്ല! മൂന്ന് വയസ്സുകാരിയുടെ തിരോധാനത്തിൽ നിർണ്ണായക തെളിവ് കിട്ടിയെന്ന് അന്വേഷണ സംഘം

 

മലയാളി ദമ്പതികളുടെ വളർത്തുമകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതായതുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചെന്ന് എഫ് ബി ഐ. വളർത്തച്ഛൻ വെസ്ലി മാത്യുവിന്റെ കാറിൽനിന്നാണ് പൊലീസിനു തെളിവുകൾ കിട്ടിയത്. ഇതു പൊലീസ് പുറത്തു വിട്ടിട്ടില്ല. കാർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണങ്ങൾ.

പൊലീസ് പിടിച്ചെടുത്ത വെസ്ലി മാത്യുവിന്റെ ലാപ്‌ടോപ്പിൽനിന്നും ചില തെളിവുകൾ കിട്ടിയിട്ടുണ്ട്. വെസ്‌ലിയെയും ഭാര്യയെയും അവരുടെ വീട്ടിൽനിന്നു പൊലീസ് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അപകടകരമായ നിലയിൽ വീടിനു വെളിയിൽ ഉപേക്ഷിച്ചുവെന്നു വെസ്ലി സമ്മതിച്ചതിനാൽ ആ കുറ്റത്തിനു മാത്രം 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. അതുകൊണ്ട് തന്നെ വെസ്‌ലിയെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു കുഞ്ഞിനെ പുറത്തിറക്കി നിർത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോൾ കാണാനില്ലെന്നുമാണു വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ മൊഴി. ഈ മൊഴി ആരും വിശ്വസിച്ചിട്ടില്ല.

ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിർത്തിയതിന് വെസ്ലി മാത്യുസിന് വിശ്വസനീയ മറുപടിയില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്പോൾ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയിൽ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തി. ഷെറിനെ വെസ്ലിയും സിനിയും ചേർന്ന് ബിഹാറിലെ ഗയയിൽനിന്നാണു ദത്തെടുത്തത്.

Related Topics

Share this story