റിയാദ്: സൗദിയിൽ സ്ത്രീകളുടെ രാത്രി ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തി തൊഴിൽ മന്ത്രാലയം വിജ്ഞാപനമിറക്കി. സ്ത്രീകളെ രാത്രിയിൽ ജോലിക്ക് നിയോഗിക്കാൻ അനുവദിക്കുന്നത് മൂന്ന് തൊഴിൽ മേഖലയിൽ മാത്രമായി പരിമിതപ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്. രാത്രി 11 മുതല്‍ രാവിലെ ആറ് മണിവരെയുള്ള സമയമാണ് രാത്രി ജോലിയായി പരിഗണിക്കുക.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉൾപ്പെടെയുള്ള ആശുപത്രികൾ, വ്യോമയാന മേഖല, കുട്ടികളുടെ അഭയകേന്ദ്രം എന്നിവയിലാണ് സ്ത്രീകളെ രാത്രിയിൽ ജോലിക്ക് നിയോഗിക്കാൻ ഇനിമുതൽ നിയമപരമായ അനുവാദമുള്ളത്.
തൊഴിലുടമയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കണം രാത്രി ജോലിക്ക് സ്ത്രീകളെ നിയോഗകിക്കുക. കരാറില്‍ ജോലിസമയം വ്യക്തമാക്കിയിരിക്കണം. എന്നാല്‍ നഗരത്തിന് പുറത്തുള്ള വിജനമായ പ്രദേശത്ത് ഇത്തരം ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കരുതെന്നും ഉത്തരവിൽ പറയുന്നു.
രാത്രി ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വം, ഗതാഗത സൗകര്യം, തൊഴില്‍ സ്ഥാപനത്തിലെ വാച്ച്മാന്‍റെ സാന്നിധ്യം എന്നിവ തൊഴിലുടമ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം ഒരുക്കാത്ത സാഹചര്യത്തില്‍ പകരം ആനുകൂല്യം നല്‍കണമെന്നും പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
Comments are closed.