Times Kerala

‘ഉദാഹരണം സുജാത’യിൽ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിച്ചതായി പരാതി

 

കോട്ടയം: മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാത’യിൽ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിച്ചതായി പരാതി. കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസാണ് ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി, സാംസ്‌ക്കാരിക- പട്ടികജാതി വകുപ്പ് മന്ത്രി, പട്ടികജാതി- പട്ടികവകുപ്പ് കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഉദാഹരണം സുജാതയില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോടു സംസാരിക്കുന്ന ഒരു രംഗത്തിലാണ് അധിക്ഷേപം അടങ്ങിയ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. പിതാക്കന്‍മാരുടെ ജോലി തന്നെ മക്കള്‍ ചെയ്യേണ്ടിവന്നാല്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്നാണ് നെടുമുടി വേണുവിന്‍റെ കഥാപാത്രം പറയുന്നത്. എന്നാൽ, കെ.ആർ. നാരായണന്‍റെ പിതാവ് നാട്ടുവൈദ്യൻ ആണെന്നിരിക്കെ ഇത്തരമൊരു തെറ്റായ പരാമര്‍ശം ഉള്‍പ്പെടുത്തിയത് അദ്ദേഹത്തെ ബോധപൂര്‍വ്വം അധിക്ഷേപിക്കുന്നതിന് വേണ്ടിയാണെന്നും ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.

കൂടാതെ മുന്‍ രാഷട്രപതി അബ്ദുള്‍ കലാം, മീന്‍പിടുത്തക്കാരൻ ആകേണ്ടിയിരുന്ന ആളാണെന്നും ഇതിനൊപ്പം പറയുന്നുണ്ട്. ഇതിനോടകം പ്രദര്‍ശനത്തിന് എത്തിയ സിനിമയില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം രംഗങ്ങൾ ഉള്‍പ്പെട്ടത് സെന്‍സര്‍ ബോര്‍ഡിന്‍റെ വീഴ്ചയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സെന്‍സര്‍ ബോര്‍ഡിനും സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെയും അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

Related Topics

Share this story