Nature

ഓപ്പറേഷൻ ബ്രേക്ക് ത്രൂ; പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും പരിഗണിക്കും: കളക്ടർ

കാക്കനാട്: ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഫീൽഡ് സർവ്വേയുടെ ഭാഗമായി പൊതു ജനങ്ങളുടേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും നിർദ്ദേശങ്ങളും പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. ആദ്യ ഘട്ട ഫീൽഡ് സർവ്വേക്ക് ശേഷമുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫീൽഡ് സർവ്വേ നടത്തുന്ന ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ പരിഗണിക്കണം. വെള്ളക്കെട്ടിന് കാരണമാകുന്ന തരത്തിലുള്ള കൈയ്യേറ്റങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള കൈയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനായി സർവ്വേ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട വില്ലേജോഫീസർമാരുടെ സഹായം തേടാവുന്നതാണ്. ഫീൽഡ് സർവ്വേക്ക് ശേഷം ഓരോ വാർഡിലേക്ക് നിയോഗിക്കപ്പെട്ട ടീമും ടെക്നിക്കൽ കമ്മറ്റി മുമ്പാകെ കണ്ടെത്തിയ പ്രശ്നങ്ങൾ അവതരിപ്പിക്കണം. ആദ്യഘട്ടമായാണ് 27 വാർഡുകളിലെ സർവ്വേ നടത്തുന്നതെന്നും ഇത് പൂർത്തിയാകുന്ന മുറക്ക് കൊച്ചിയിലെ മറ്റ് പ്രദേശങ്ങളിലും നടപടികൾ ആരംഭിക്കുമെന്നും കളക്ടർ കുട്ടിച്ചേർത്തു.

നോഡൽ ഓഫീസർ എസ്.ഷാജഹാൻ, ഡപ്യൂട്ടി കളക്ടർ സന്ധ്യാദേവി, ടെക്നിക്കൽ കമ്മറ്റി ചെയർമാൻ ബാലുവർഗീസ്, കൺവീനർ എച്ച്.ടൈറ്റസ് തുടങ്ങിയവർ പങ്കെടുത്തു. ആദ്യഘട്ടമായി വ്യാഴാഴ്ച ഓരോ വാർഡുകളിലും നടത്തിയ ഫീൽഡ് സർവ്വേയിൽ കണ്ടെത്തിയ കാര്യങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. അനധികൃത കൈയ്യേറ്റങ്ങളും, അശാസ്ത്രീയ നിർമ്മാണങ്ങളും തോടുകളിലേയും കനാലുകളിലേയും മാലിന്യ നിക്ഷേപവുമാണ് ഭൂരിഭാഗം മേഖലകളിലേയും വെള്ളകെട്ടിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ വിശദീകരിച്ചും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുമുള്ള വിശദമായ റിപ്പോർട്ട് ഈ മാസം 28ന് ഫീൽഡ് സർവ്വേ സംഘം ടെക്നിക്കൽ കമ്മറ്റിക്ക് കൈമാറും.

You might also like

Leave A Reply

Your email address will not be published.