Times Kerala

വിദ്യാഭ്യാസ മികവിന്റെ പാതയിൽ തളിക്കുളം സ്‌കൂൾ

 
വിദ്യാഭ്യാസ മികവിന്റെ പാതയിൽ തളിക്കുളം സ്‌കൂൾ

പൊതു വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് മാതൃകയായി തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ. വിദ്യാലയത്തിലെ വികസനം എന്നത് കെട്ടിടങ്ങളുടെ നിർമ്മാണം മാത്രമല്ല അക്കാദമിക മികവാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സർക്കാർ സ്‌കൂൾ. വർഷം തോറും ഇവിടെ പുതിയതായി ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇതിന് തെളിവാണ്. കുട്ടികൾ കൂടിയതോടെ ക്ലാസ് മുറികളും കൂടുതലായി വേണ്ടിവന്നു. ഇതോടെയാണ് ഗീത ഗോപി എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം വിനിയോഗിച്ച് നാല് ക്ലാസ്സ് മുറികളുടെ നിർമ്മാണം പൂർത്തിയാക്കി സ്‌കൂളിന് നൽകിയിരിക്കുന്നത്.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ് തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞത്. മൂന്ന് വർഷം തുടർച്ചയായി എസ്.എസ്.എൽ.സി. പരിക്ഷയിൽ നൂറ് ശതമാനം വിജയം നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.

മികച്ച നേട്ടം കൊയ്യാനായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്‌കൂളിൽ അധിക പഠനവും രാത്രി ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. മികച്ച സ്റ്റുഡൻസ് പോലിസ് കേഡറ്റ് സംഘമാണ് സകൂളിൽ പ്രവർത്തിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി യാത്രക്കാർക്ക് ട്രാഫിക് ബോധവൽകരണം നൽകുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും പൂന്തോട്ടം പരിപാലിക്കുന്നതും സ്റ്റുഡൻസ് പോലിസ് കേഡറ്റാണ്.

തീരദേശ മേഖലയിൽ നിന്നുള്ളവരാണ് വിദ്യാലയത്തിൽ പഠിക്കുന്ന ഭൂരിഭാഗവും. കരിയർ ഗൈഡൻസ് ക്ലാസ്, എക്സൈസ്, ആരോഗ്യം, ഫയർഫോഴ്സ് വിഭാഗങ്ങളുടെ ക്ലാസകളും സ്‌കൂളിലെ അധ്യാപകർ സംഘടിപ്പിക്കാറുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലോകോത്തര നിലവാരത്തിലേക്ക് മാറിക്കൊണ്ടിരുക്കുന്നതിന് മാതൃകയാണ് തളിക്കുളം സ്‌കൂൾ.

Related Topics

Share this story