Nature

തൃശൂർ ജില്ലയിലെ മുഴുവൻ സ്‌കൂളുകളും ഹൈടെക്: പ്രഖ്യാപനം ഈ മാസം

തൃശൂർ:ജില്ലയിലെ മുഴുവൻ ഹൈസ്‌കൂൾ, വിഎച്ച്എസ്ഇ, ഹയർസെക്കണ്ടറി സ്‌കൂളുകളും ഹൈടെക്കായി. 3909 ക്ലാസ്മുറികളാണ് ഹൈടെകായത്. ഇതിന്റെ ജില്ലാതല പ്രഖ്യാപനം ഈ മാസം അവസാനവാരത്തിൽ നടക്കും. സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളും ഹയർസെക്കൻഡറി സ്‌കൂളുകളും ഹൈടെക്കായി മാറിയതിന്റെ പ്രഖ്യാപനവും ഈ മാസം 31നകം നടക്കും. ആകെ 442 സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഹൈസ്‌കൂൾ തലത്തിൽ 2607 ഉം ഹയർസെക്കൻഡറി തലത്തിൽ 1120 ഉം വൊക്കേഷണൽ ഹയർസെക്കൻഡറി തലത്തിൽ 182ഉം ക്ലാസ്മുറികളുമാണുള്ളത്. ഇതിൽ 186 എണ്ണം സർക്കാർ സ്‌കൂളുകളും 256 എണ്ണം എയ്ഡഡ് സ്‌കൂളുകളുമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന്റെ (കൈറ്റ്) സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ സ്‌കൂളുകളും ഹൈടെക്കാക്കിയത്. കിഫ്ബിയുടെ സഹായത്തോടെയാണ് ഉപകരണങ്ങൾ വാങ്ങിയത്. 3178 ലാപ്‌ടോപ്പുകൾ, 3178 പ്രൊജക്ടറുകൾ, 423 എച്ച്.ഡി വെബ്ക്യാമറ, 415 ടെലിവിഷൻ, 416 ഡിഎസ്എൽആർ ക്യാമറ, 442 പ്രിന്റർ, ലാബുകളിലേക്കായി 1440 ലാപ്‌ടോപുകളും നൽകി. പ്രൈമറി സ്‌കൂളുകളിലേക്കായി 4695 ലാപ്‌ടോപ്, 1934 പ്രൊജക്ടർ, 4695 സ്പീക്കർ എന്നിവയും നൽകിയിട്ടുണ്ട്. 906 പ്രൈമറി സ്‌കൂളുകളിൽ 807 സ്‌കൂളുകൾക്കാണ് ഇവ വിതരണം ചെയ്തത്.

സമഗ്രവിഭവ പോർട്ടൽ ഉപയോഗിച്ച് ക്ലാസ് മുറികളിൽ വിനിമയം നടത്താനുള്ള അധ്യാപക പരിശീലനം പ്രാഥമികതലം മുതൽ ഹയർസെക്കൻഡറി വരെയുള്ള 92 ശതമാനം അധ്യാപകർക്കും നൽകിക്കഴിഞ്ഞു. കൂടാതെ വിദ്യാഭ്യാസ ഓഫീസർമാർക്കും പരിശീലനം നൽകിയതായി ഐ ടി കോ-ഓർഡിനേറ്റർ അഷ്‌റഫ് വലിയകത്ത് പറഞ്ഞു. ജോലിയിൽ പുതുതായി പ്രവേശിക്കുന്ന അധ്യാപകർക്കായി കൂൾ (കൈറ്റ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്) എന്ന പേരിലുള്ള ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിക്കൂ. ഇതുവരെ 580 പേർ ജില്ലയിൽ നിന്ന് ഈ കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. ആയിരത്തിലധികം അധ്യാപകർ കോഴ്‌സിലേക്കായി അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലത്തിൽ അതിവേഗ ബ്രോഡ് ബ്രാൻഡ് കണക്ഷൻ നൂറ് ശതമാനവും പൂർത്തിയായി. ഹൈസ്‌കൂളിൽ റെയിൽനെറ്റ് വഴിയാണ് കണക്ഷൻ ലഭ്യമാക്കിയിരിക്കുന്നത്. ഹയർസെക്കൻഡറിയിൽ ബിഎസ്എൻഎൽ, എഫ് ടി ടി എച്ച് കണക്ഷനുമാണ് കൊടുത്തിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.