Times Kerala

സംസ്ഥാന സഫായി കർമചാരി കമ്മീഷൻ രൂപീകരിക്കാൻ നിർദ്ദേശം

 
സംസ്ഥാന സഫായി കർമചാരി കമ്മീഷൻ രൂപീകരിക്കാൻ നിർദ്ദേശം

കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് സഫായി കർമചാരി കമ്മീഷൻ രൂപീകരിക്കാൻ നിർദ്ദേശിച്ചതായി കേന്ദ്ര സഫായി കർമചാരി കമ്മീഷൻ ചെയർമാൻ മൻഹർ വാൽജിഭായി സല പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിനകം സംസ്ഥാന കമ്മീഷനും രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനതല വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയും ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, എറണാകുളം ജില്ലകൾ കമ്മീഷൻ സന്ദർശിച്ചു. എം. എൽ. എ, ശുചീകരണ തൊഴിലാളികൾ, യൂണിയൻ നേതാക്കൾ, ജില്ലാതല ഉദ്യോഗസ്ഥർ, കോർപറേഷൻ അധികൃതർ എന്നിവരുമായി ചർച്ചകൾ നടത്തി. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ച സംസ്ഥാനതല അവലോകന യോഗം നടത്തിയതായും കമ്മീഷൻ ചെയർമാൻ പറഞ്ഞു. ജോലിക്കിടയിൽ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള സഹായധനം സമയബന്ധിതമായി നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. യോഗ്യരായ ശുചീകരണ തൊഴിലാളികൾക്ക് സർവീസിൽ അർഹമായ സ്ഥാനക്കയറ്റം നൽകണം. വസ്ത്രം മാറുന്നതിന് സ്ത്രീകൾക്കും പുരുഷൻമാർക്കും ഓഫീസുകളിൽ പ്രത്യേകം സൗകര്യമുണ്ടാവണം. ജില്ലാടിസ്ഥാനത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. തൊഴിൽ നൈപുണ്യം വർധിപ്പിക്കൽ, ശുചീകരണ തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക സ്‌കോളർഷിപ്പ്, ഭവനം എന്നിവ നൽകുന്നത് സബന്ധിച്ച് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Topics

Share this story