Times Kerala

അയിത്തം കാരണം വീട്ടില്‍ തൊഴിലുറപ്പ് ജോലിക്കെത്തിയവര്‍ ഭക്ഷണം കഴിച്ചില്ല; അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

 

ഇത്രമാത്രം ജാതിക്കറയുമായി നടക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ മനസിലാക്കിയ അധ്യാപിക ബിജിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തൊഴിലുറപ്പ് ജോലിക്കായി വീട്ടിലെത്തിയവര്‍ക്ക് ചായയും പലഹാരവും നല്‍കിയ കാസര്‍കോട് ഗവ.കോളജിലെ ഗസ്റ്റ് അധ്യാപികക്കാണ് ഈ ദുരനുഭവം. വീട്ടില്‍ 29 പേരാണ് ജോലിക്കെത്തിയത്. ഇതില്‍ കുറച്ചുപേര്‍ വീട്ടുകാര്‍ മാവില ജാതിയില്‍ ഉള്‍പ്പെട്ടതിനാല്‍ ഒന്നും കഴിക്കാതെ മാറിയിരിക്കുകയായിരുന്നു. എന്നാല്‍ ചായയോടൊപ്പം നല്‍കിയ ബേക്കറി കേക്ക് കഴിക്കുകയും ചെയ്തു. തുടര്‍ന്നാണ് അധ്യാപിക ഈ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് ഇങ്ങനെ…

‘എന്റെ വീട്ടില്‍ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് ചായ കുടിക്കാതെ മാറിനിന്നവരോട്, അതെ ഞാന്‍ ആദിവാസി മാവിലന്‍ തന്നെ. എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തിന്റെ നിറം നല്ല ഒന്നാന്തരം കട്ട ചോപ്പെന്നെ. അതില്‍ എനിക്ക് ഇരുണ്ട തൊലിയും കറ തീര്‍ന്ന മനസും. നിനക്ക് ഒരു പോറലേറ്റാലോ പേന കൊണ്ട് വരഞ്ഞാലോ പെട്ടന്ന് തിരിച്ചറിയത്തക്ക വിധത്തിലുള്ള തൊലിയും ജാതിക്കറ നിറഞ്ഞ മനസുമാണെന്ന് മനസിലാക്കുക. ഒരു കാര്യം കൂടി ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം തിന്നവരോട്. നാളെ ചായക്ക് പലഹാരം ഇലയട ആണ്’.

 

Related Topics

Share this story