തൊടുപുഴ: സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപ്പകൾ സമരത്തിൽ പിന്തുണയുമായി കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി തൊടുപുഴയിൽ നടന്ന പൊതുസമ്മേളനത്തിലാണ് ജോസഫ് വേദിയിലെത്തിയത്. പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കനത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഇന്ന് രാവിലെ 10 മുതൽ വെള്ളിയാഴ്ച രാവിലെ 10 വരെയാണ് സമരം.
സെക്രട്ടറിയേറ്റിന് മുന്നിൽ കെപിസിസി അധ്യക്ഷൻ എം.എം.ഹസനാണ് സമര ഉദ്ഘാടനം ചെയ്തത്. കൊല്ലം കളക്ട്രേറ്റിനു മുന്നിലെ ധര്‍ണ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും പത്തനംതിട്ടയില്‍ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജും ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും എറണാകുളത്ത് മുന്‍ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരും തൃശൂരിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാലക്കാട്ട് വി.എസ്. ശിവകുമാര്‍ എംഎല്‍എയും നിര്‍വഹിച്ചു.