Times Kerala

ജിമിക്കി കമ്മല്‍ ഗുജറാത്തി പാട്ടില്‍ നിന്നും മോഷ്ടിച്ചതോ…..??? ഷാന്‍ റഹ്മാന്‍ പറയുന്നു

 

മലയാളികള്‍ ഏറ്റെടുത്ത ജിമിക്കി കമ്മല്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.ഇടക്കാലങ്ങളിലോന്നും മറ്റൊരു പാട്ടിനും കിട്ടാത്ത വരവേല്‍പ്പാണ് ജിമിക്കി കമ്മലിന് മലയാളികള്‍ നല്‍കിയത്.എന്നാല്‍ ഇപ്പോള്‍ ജിമിക്കിയെ തേടിയെത്തിയിരിക്കുന്നത് കോപ്പിയടി വിവാദമാണ്. ഷാന്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പിറന്ന ജിമിക്കി കമ്മല്‍ ഗുജറാത്തി വെര്‍ഷനില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സംഗതി വൈറലായതോടെ ഷാന്‍ റഹ്മാന്‍ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ലെന്ന് ഷാന്‍ റഹ്മാന്‍. സാധാരണ നമ്മുടെ സ്വന്തം ഭാഷയിലുള്ള ഒരു പാട്ട് ഇത്രയധികം ഹിറ്റ് ആകുന്നുവെങ്കില്‍ അതില്‍ ഏറ്റവും സന്തോഷിക്കുക അവര്‍ തന്നെയായിരിക്കുമെന്നും ഇവിടെ കുറേ പേര്‍ നേരെ മറിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒന്നും ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യുകയാണ് അവരെന്നും ഷാന്‍ പറയുന്നു. താന്‍ കോപ്പിയടിച്ചെന്ന് ആരോപിക്കുന്ന ഗാനത്തില്‍ തന്റെയും വിനീതിന്റെയും ശബ്ദം പോലും ഉപയോഗിച്ചിട്ടുണ്ട്. അതൊന്നും കേള്‍ക്കാനുള്ള ക്ഷമ പോലും ആരും കാണിക്കുന്നില്ലെന്നും ഷാന്‍ വ്യക്തമാക്കി.

ഇതാരാണെങ്കിലും അവര്‍ അവരുടെ പ്രവൃത്തി തുടരട്ടെയെന്നും തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും ഇതുവരെ തന്റെ ഒരു പാട്ടു പോലും കോപ്പിയടിച്ചുവെന്ന ആരോപണമുയരാന്‍ ഇടവരുത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ നല്ല വിഷമമുണ്ടെന്നും ഷാന്‍ പറയുന്നു.

 

ഷാന്‍ റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

ജിമിക്കി കമ്മല്‍ എന്ന ഗാനം ഞാന്‍ ഏതോ ഗുജറാത്തി പാട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന തരത്തില്‍ ചിലര്‍ സമൂഹിക മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി പ്രൃചരിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളോട് ഞാന്‍ പൊതുവെ പ്രതികരിക്കാറില്ല. കാരണം നമ്മുടെ പ്രേക്ഷകര്‍ക്ക് സത്യവും നുണയും തിരിച്ചറിയാന്‍ കഴിയും. പക്ഷേ ഇവിടെ നമ്മുടെ സ്വന്തം മലയാളികള്‍ തന്നെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയും മറ്റും ഇത് മോഷണമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്.

ജിമിക്കി കമ്മല്‍ മലയാളികളുടെ അഭിമാനമായ ഒരു പാട്ടാണ്. അന്താരാഷ്ട്ര വേദികളില്‍ പോലും ഈ ഗാനത്തിന് പലരും ചുവടുവെയ്ക്കുന്നു. ജിമിക്കി കമ്മല്‍ ഇത്രയും ഉയരത്തിലെത്തുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. പുറത്തിറങ്ങി ഒരു ചെറിയ കാലത്തിനുള്ളിലാണ് ഈ നേട്ടം എന്നുള്ളതിനാല്‍ അഭിമാനമുണ്ട്. ബിബിസി പോലുള്ള മാധ്യമങ്ങല്‍ ശ്രദ്ധിച്ച മലയാള ഗാനമാണിത്.

ഗുജറാത്തിലെ റെഡ് എഫ്.എം റേഡിയോയുടെ സംരംഭത്തെയാണ് ഇപ്പോള്‍ ഞാന്‍ കോപ്പിയടിച്ചു എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. അവരുടെ വീഡിയോയില്‍ എന്റെ ശബ്ദമുണ്ട്. റെഡ് എഫ്.എം ഇന്ത്യയില്‍ പലയിടത്തും ജിമിക്കി കമ്മലിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഇറക്കിയിട്ടുണ്ട്. അതില്‍ അഭിമാനമുണ്ട്.

ജിമിക്കി കമ്മലും കോപ്പിയടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഗാനവും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ദിവസം വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ ഷാന്‍ റഹ്മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഓഗസ്റ്റ് 17നാണ് ജിമിക്കി കമ്മല്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നത്. എന്നാല്‍ ഗുജറാത്തി പതിപ്പ് സെപ്റ്റംബര്‍ 22നും. ഇതില്‍ കൂടുതല്‍ ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകന് തെളിയിക്കേണ്ട കാര്യമില്ല

Related Topics

Share this story