Nature

6 മാസക്കാലമായി ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായ തൊഴിലാളികൾ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

രാസ്തനൂറാ : ആറു മാസക്കാലത്തോളം ശമ്പളമോ, ആഹാരമോ കിട്ടാതെ ദുരിതത്തിലായ 8 തൊഴിലാളികൾ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

രാസ്താനൂറയിലെ മൻസൂർ സലഹ് സമീർ ജനറൽ കോൺട്രാക്റ്റിങ് കമ്പനിയിലെ തൊഴിലാളികളാണ് ദീർഘകാലമായി ശമ്പളം ലഭിയ്ക്കാതെ ദുരിതത്തിൽ ആയത്. കമ്പനിയുടെ സാമ്പത്തികപ്രതിസന്ധിയാണ് ഈ പ്രതിതിസന്ധിയ്ക്ക് കാരണമായത്. ആഹാരം കഴിയ്ക്കാൻ പോലും പണമില്ലാതെ വിഷമത്തിലായ തൊഴിലാളികൾ, ഗത്യന്തരമില്ലാതെ തങ്ങളെ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന് കമ്പനി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും, അവർ വഴങ്ങിയില്ല.

ജീവിതം ആകെ വഴിമുട്ടി നിന്ന ആ സമയത്താണ് തൊഴിലാളികൾ, നവയുഗം രാസ്തനൂറ യൂണിറ്റ് ജീവകാരുണ്യവിഭാഗം കൺവീനർ പുളിമൂട്ടിൽ ഉണ്ണിയെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചത്. ഉണ്ണിയും നവയുഗം പ്രവർത്തകരും തൊഴിലാളികളെ താമസിച്ചിരുന്ന ക്യാമ്പ് സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളിൽ, മതിയായ സൗകര്യങ്ങളില്ലാതെ, ആഹാരം കഴിയ്ക്കാൻ പോലും വകയില്ലാതെ, ആകെ ദുരിതത്തിലായിരുന്നു അവിടെ തൊഴിലാളികളുടെ അവസ്ഥ. തൊഴിലാളികളുടെ ആഹാരത്തിനായി താത്കാലികമായ സഹായങ്ങൾ നൽകിയിട്ടാണ് നവയുഗം പ്രവർത്തകർ മടങ്ങിയത്.

ഫോട്ടോ: തൊഴിലാളികളുടെ യാത്രാരേഖകൾ കമ്പനി പ്രതിനിധി ഷാജി മതിലകത്തിന് കൈമാറുന്നു. പുളിമൂട്ടിൽ ഉണ്ണിയും നവയുഗം പ്രവർത്തകരും തൊഴിലാളികളും സമീപം

 

തുടർന്ന് നവയുഗം കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ സഹായത്തോടെ തൊഴിലാളികൾ കമ്പനിയ്‌ക്കെതിരെ ലേബർ കോടതിയിൽ കേസ് നൽകി.
ഇതറിഞ്ഞ കമ്പനി മാനേജ്‌മെന്റ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറായി. സ്വന്തം ചിലവിൽ വിമാനടിക്കറ്റ് എടുക്കുന്നപക്ഷം, തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് നൽകാമെന്ന് കമ്പനി വാഗ്ദാനം മുന്നോട്ടു വെച്ചു. എന്നാൽ നവയുഗം പ്രവർത്തകർ വഴങ്ങിയില്ല. ശമ്പളം പോലും കിട്ടാത്ത തൊഴിലാളികൾ ടിക്കറ്റ് എടുക്കില്ലെന്ന് അവർ തറപ്പിച്ചുപറഞ്ഞു. ഏറെ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ ഫൈനൽ എക്സിറ്റും വിമാനടിക്കറ്റും നൽകാമെന്ന് കമ്പനി മാനേജ്‌മെന്റ് സമ്മതിച്ചു.

അങ്ങനെ നീണ്ട കാലത്തെ ദുരിതങ്ങൾ അവസാനിപ്പിച്ച് 8 തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.