Times Kerala

വീണ്ടും ഏറ്റവും വലിയ സമ്പന്നനായി ബിൽ ഗേറ്റ്സ്

 
വീണ്ടും ഏറ്റവും വലിയ സമ്പന്നനായി ബിൽ ഗേറ്റ്സ്

ന്യൂയോർക്ക്: തന്റെ പേരിലുള്ള റെക്കോർഡ് കളയാൻ ലോക സമ്പന്നൻ ബിൽ ഗേറ്റ്സ് ഒരുക്കമല്ല. വീണ്ടും ഏറ്റവും വലിയ സമ്പന്നനായി ബിൽ ഗേറ്റ്സിനെ തെരഞ്ഞെടുത്തു. ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിനെയാണ് ബിൽ ഗേറ്റ്സ് മറികടന്ന് ഒന്നാമതെത്തിയത്. ഫോർബ്സിന്റെ കണക്കനുസരിച്ച് 105.7 ശതകോടി ഡോളറാണ് ഗേറ്റ്സിന്റെ നിലവിലെ ആസ്തി.

സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ആമസോൺ 700 കോടി ഡോളറിന്റെ ഓഹരി നഷ്ടം നേരിട്ടതാണ് ബെസോസിന് തിരിച്ചടിയായത്. മൂന്നാം പാദത്തിൽ മൊത്തം 26 ശതമാനത്തിന്റെ ഓഹരി നഷ്ടമാണ് ആമസോണിനുണ്ടായത്. വ്യാഴാഴ്ചത്തെ ഓഹരി വ്യാപാരത്തിൽ ആമസോണിന്റെ ഓഹരികൾക്ക് ഏഴ് ശതമാനം ഇടിവ് നേരിട്ടു. ഇതോടെ ബെസോസിന്റെ ആസ്തി 103.9 ശതകോടി ഡോളറിലേയ്ക്ക് താഴുകയായിരുന്നു. നേരത്തെ 25 വർഷത്തെ ദാമ്പത്യബന്ധത്തിന് ശേഷം ഭാര്യ മക്കെൻസിയിൽ നിന്ന് വിവാഹ മോചനം നേടിയപ്പോൾ നാല് ശതമാനം ഓഹരികൾ ബെസോസിന് മക്കെൻസിക്ക് നൽകേണ്ടിവന്നിരുന്നു. 2.42 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ഓഹരികളാണ് ബെസോസ് മക്കെൻസിക്ക് നൽകിയത്. സമ്പന്നരുടെ പട്ടികയിൽ 22-ാമതായി മക്കെൻസിയുമുണ്ട്.

ബെസോസ് 2018-ലാണ് ഗേറ്റ്സിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം സ്വന്തമാക്കിയത്. 160 ശതകോടി ആസ്തിയുള്ള ലോകത്തിലെ ആദ്യ വ്യക്തിയെന്ന നേട്ടവും ബെസോസ് ഇതോടൊപ്പം സ്വന്തമാക്കിയിരുന്നു.

Related Topics

Share this story