Times Kerala

സൗദിയില്‍ ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച്‌ പൊതുഗതാഗത അതോറിറ്റി

 
സൗദിയില്‍ ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച്‌ പൊതുഗതാഗത അതോറിറ്റി

സൗദിയില്‍ ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച്‌ പൊതുഗതാഗത അതോറിറ്റി. പുതുക്കിയ നിരക്കനുസരിച്ചു പത്ത് റിയാലാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്ജ്. അഞ്ചര റിയാല്‍ മുതലായിരിക്കും മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ശേഷം ഓരോ കിലോമീറ്ററിനും ഒരു റിയാല്‍ എട്ടു ഹലാല വീതമായിരിക്കും നിരക്ക്.

രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ടാക്സി സര്‍വീസിന് ഏകീകൃത നിരക്ക് നേരത്തെ തന്നെ നിലവിലുള്ളതാണ്. അതാണിപ്പോള്‍ പൊതുഗതാഗത അതോറിറ്റി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ചു 4 യാത്രക്കാര്‍ക്കുള്ള ടാക്സികളില്‍ 10 റിയാല്‍ മിനിമം നിരക്കായി നിശ്ചയിച്ചിട്ടുണ്ട്.

അഞ്ചര റിയാല്‍ മുതലായിരിക്കും വാഹനങ്ങളിലെ മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ഓരോ കിലോമീറ്ററിനും 1 റിയാല്‍ 8 ഹലാല വീതമായിരിക്കും മീറ്ററിലെ ചാര്‍ജ്ജ്. മിനിറ്റിനു 80 ഹലാല വെച്ച്‌ വെയ്റ്റിങ് ചാര്‍ജ്ജും ഈടാക്കും.

കിലോമീറ്റര്‍ ചാര്‍ജ്ജും വെയ്റ്റിംഗ് ചാര്‍ജ്ജും എല്ലാ സമയങ്ങളിലും ഒരുപോലെയായിരിക്കും. എന്നാല്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 വരെ മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന നിരക്ക് 10 റിയാല്‍ മുതലായിരിക്കും. വെള്ളി ശനി എന്നീ വാരാന്ത്യ അവധി ദിനങ്ങളില്‍ പുലര്‍ച്ചെ 2 മുതല്‍ 6 വരെയായിരിക്കും ഈ നിരക്ക്.

അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ക്കുള്ള ടാക്സികളില്‍ 6 റിയാല്‍ മുതലായിരിക്കും മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. കിലോ മീറ്റര്‍ ചാര്‍ജ്ജ് 2 റിയാലും വൈറ്റിംങ് ചാര്‍ജ്ജ് മിനിറ്റിനു 90 ഹലാലയുമായിരിക്കും. വിവിധ ചിലവുകള്‍ പരിഗണിച്ചു ഓരോ 5 വര്‍ഷങ്ങളിലും ടാക്സി ചാര്‍ജ്ജുകള്‍ പുതുക്കി നിശ്ചയിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.

Related Topics

Share this story