മക്കളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ അജ്ഞാതന്റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു

ലണ്ടന്‍: മക്കളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരുന്ന വഴിക്ക് യുവതിയെ അജ്ഞാതന്‍ കുത്തിക്കൊന്നു. 39കാരിയായ അലിനി മെന്‍ഡസാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്‌കൂളില്‍ നിന്ന് മക്കളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ മെന്‍ഡസിന്റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ അക്രമി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവ സ്ഥലത്ത് ഉടന്‍ പാരമെഡിക് എത്തിയെങ്കിലും മെന്‍ഡസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തിലേറ്റ ആഴമേറിയ മുറിവാണ് മരണ കാരണമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

മെന്‍ഡസിനെ നേരത്തെ അറിയാവുന്ന വ്യക്തികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ അറസ്റ്റ് ചെയ്തവരുടെ പേര് വിവരങ്ങളൊന്നും പുറത്തുവിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നെന്നത് സംബന്ധിച്ച സൂചനകളും പോലീസിന് ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരു മാസം മുന്‍പാണ് മിസ് മെന്‍ഡസ് തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹബന്ധം വേര്‍പെടുത്തി മക്കളുമായി ഒന്നിച്ച് താമസിക്കാന്‍ ആരംഭിച്ചത്. ബന്ധം വേര്‍പെടുത്തിയതിന് ശേഷം സൗത്ത് ലണ്ടനിലേക്ക് മെന്‍ഡസ് താമസം മാറുകയും ചെയ്തിരുന്നു.

പോര്‍ച്ചുഗീസ് സ്പീക്കിംഗ് കമ്യൂണിറ്റി അംഗങ്ങള്‍ മെന്‍ഡസിനോടുള്ള ആദരസൂചകമായി സംഭവം നടന്ന സ്ഥലത്ത് പൂക്കളുമായി എത്തിയിരുന്നു. മതപരമായ കാര്യങ്ങള്‍ അതീവ തല്‍പ്പരയായിരുന്നു മെന്‍ഡസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാല് കുട്ടികളുടെ മാതാവ് കൂടിയാണ് മെന്‍ഡസ്. മെന്‍ഡസ് പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച് അധികൃതര്‍ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. മെന്‍ഡസിന്റെ മക്കളെയും കുടുംബത്തെയും സഹായിക്കുന്നതിനാണ് ഈ പണം ഉപയോഗിക്കുക.

You might also like

Leave A Reply

Your email address will not be published.