Times Kerala

ലംബോര്‍ഗ്നിയുടെ ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി

 
ലംബോര്‍ഗ്നിയുടെ ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി

ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലബോര്‍ഗ്നിയുടെ ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 4.10 കോടി രൂപയാണു കാറിന്റെ ഷോറൂം വില. കാറിന്റെ അവതരണത്തിനൊപ്പം ഇന്‍ഫിനിറ്റി കാഴ്സുമായി സഹകരിച്ചു ലംബോര്‍ഗ്നി മുംബൈയില്‍ പുതിയ ഷോറൂമും തുറന്നിട്ടുണ്ട്. ‘വി 10 ഹുറാകാന്‍ ഇവൊ’ ശ്രേണിയിലെ രണ്ടാമത്തെ മോഡലാണ് സ്പൈഡര്‍.

സാങ്കേതിക വിഭാഗത്തില്‍ ഇവൊ സ്പൈഡറിലെ മിക്കവാറും ഘടകങ്ങള്‍ ഇവൊ കൂപ്പെയില്‍ നിന്നു കടമെടുത്തതാണ്. കൂപ്പെയിലെ 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി 10 എന്‍ജിനാണു സ്പൈഡറിനും കരുത്തേകുന്നത്. 640 ബി എച്ച്‌ പിയോളം കരുത്തും 600 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള എന്‍ജിനു കൂട്ടാവുന്നത് ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയര്‍ബോക്സാണ്.
നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ സ്പൈഡറിന് 3.1 സെക്കന്‍ഡ് മതിയെന്നാണു ലംബോര്‍ഗ്നിയുടെ അവകാശവാദം. ഇവൊ കൂപ്പെയെ അപേക്ഷിച്ച്‌ 0.2 സെക്കന്‍ഡ് അധികമാണിത്. വെറും 2.9 സെക്കന്‍ഡിലാണു കൂപ്പെ ഈ വേഗം കൈവരിക്കുന്നത്. എങ്കിലും പരമാവധി വേഗം ഇരു മോഡലുകള്‍ക്കും മണിക്കൂറില്‍ 323.50 കിലോമീറ്റര്‍ തന്നെ.

ഇലക്‌ട്രോ ഹൈഡ്രോളിക് റൂഫ് ഫോള്‍ഡിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ കൂപ്പെയെ അപേക്ഷിച്ച്‌ സ്പൈഡര്‍ രൂപത്തിന് 120 കിലോഗ്രാം അധികഭാരമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്നതിനിടെ വെറും 17 സെക്കന്‍ഡില്‍ ഈ സോഫ്റ്റ് ടോപ് താഴ്ത്താനാവും. പോപോ അപ് റോളോവര്‍ ബാറുകള്‍ക്കു പുറമെ ഫോള്‍ഡിങ് റൂഫ് ഉള്‍ക്കൊള്ളാനായി പിന്‍ ഡെക്കിനു പരിഷ്കരിച്ച രൂപകല്‍പ്പനയും പുതുക്കിയ എന്‍ജിന്‍ കവറുമൊക്കെ ‘ഇവൊ സ്പൈഡറി’ന്റെ പ്രത്യേകതയാണ്.

Related Topics

Share this story