Nature

കൂടത്തായി കൊലപാതകം ; ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് . ഉച്ചക്ക് 12.30ഓടെയാണ് ജോളിയുടെ അയല്‍ക്കാരനും മുസ്ലീം ലീഗ് ശാഖ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ പോലീസ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ റേഷന്‍ കാര്‍ഡോ, ഭൂനികുതി അടച്ച രസീതോ മറ്റു നിര്‍ണ്ണായക രേഖകളോ ഒന്നും തന്നെ പോലീസിന് കണ്ടെത്താനായില്ല എന്നാണ് വിവരം.

ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിന്റെ തലേന്ന് ജോളി താമരശേരിയില്‍ അഭിഭാഷകനെ കണ്ടിരുന്നു. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ്.പി പറഞ്ഞു.

പോലീസ് പിടിയിലാവുന്നതിന് മുന്‍പ് ജോളി നിരവധി തവണ മോയ്തീനെ ഫോണില്‍ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൊയ്തീന്റെ മൊഴി എടുത്തപ്പോള്‍ ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച്‌ തനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു പ്രതികരണം. പോലീസ് പിടിയിലാവുന്നതിന് മുന്‍പ് ഒരു വക്കീലിനെ തരപ്പെടുത്തി തരണമെന്നാവശ്യപ്പെട്ട് ജോളി തന്നെ സമീപിച്ചിരുന്നു. തുടര്‍ന്ന് വക്കീലുമായി ജോളിയെ സമീപിച്ചെങ്കിലും ഒരു ബന്ധുവഴി അവര്‍ മറ്റൊരു വക്കീലിനെ കണ്ടെത്തിയിരുന്നതായും ലീഗ് നേതാവ് പോലീസിന് അന്ന് മൊഴി നല്‍കിയിരുന്നു.

You might also like

Comments are closed.