Times Kerala

‘വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം, ഭ്രൂണഹത്യയും’; ഒടുവിൽ മാധ്യമപ്രവര്‍ത്തകയും കാമുകനും ജയിലിൽ

 
‘വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം, ഭ്രൂണഹത്യയും’; ഒടുവിൽ മാധ്യമപ്രവര്‍ത്തകയും കാമുകനും ജയിലിൽ

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും ആരോപിച്ച് മൊറോക്കയിലെ മാധ്യമപ്രവര്‍ത്തക ഹജര്‍ റൈസൂനി, പ്രതിശ്രുത വരന്‍ അല്‍ അമീന്‍ എന്നിവര്‍ക്ക് തടവുശിക്ഷ. തിങ്കളാഴ്ചയാണ് ഇരുവരെയും ഒരു വര്‍ഷം തടവിന് കോടതി ഉത്തരവിട്ടത്. ഗൈനക്കോളജിസ്റ്റിനെ രണ്ട് വര്‍ഷവും തടവിന് ശിക്ഷിച്ചു.

ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിച്ചതെന്ന് റൈസൂനി ആരോപിച്ചു. ഇന്‍റേണല്‍ ബ്ലീഡിംഗിന് ചികിത്സക്കായിട്ടാണ് ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചതെന്നും തനിക്കെതിരെയുള്ള കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു. പ്രതിശ്രുത വരന്‍റെ വീട്ടില്‍ പോയപ്പോഴാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന ആരോപണത്തെയും റൈസൂനി തള്ളി. പ്രതിശ്രുത വരന്‍ യാത്രയിലായ സമയത്ത് അദ്ദേഹത്തിന്‍റെ വളര്‍ത്തുനായയെ പരിപാലിക്കാനാണ് വീട്ടില്‍ പോയതെന്നും റൈസൂനി പറഞ്ഞു.

റൈസൂനിക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തി. മൊറോക്കയില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന അപൂര്‍വം പത്രങ്ങളിലൊന്നായ അക്ബര്‍ അല്‍-യും പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹജര്‍ റൈസൂനി. ഇവര്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ പകപോക്കലാണ് കേസിന് പിന്നിലെന്ന് ഹജര്‍ റൈസൂനിയുടെ അമ്മാവന്‍ സൂലിമാന്‍ റൈസൂനി മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലല്ല റൈസൂനിയെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഓഗസ്റ്റ് 31നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മൊറോക്കന്‍ നിയമപ്രകാരം വിവാഹത്തിന് മുമ്പ് രതിയിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ്. അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലല്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നതും ക്രിമിനല്‍ കുറ്റമാണ്.

Related Topics

Share this story