നടന്‍ ഇര്‍ഫാന്‍ ഖാന്റെ സ്മരണയ്ക്കായി പേരുമാറ്റി മഹാരാഷ്ട്രയിലെ ഗ്രാമം; പത്ര്യാച്ചവാഡ ഇനി ' ഹീറോ ചി വാഡി'

WEB TEAM

അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ സ്മരണയ്ക്കായി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം പേര് മാറ്റിയിരിക്കുകയാണ്. നാസിക് ജില്ലയിലെ ഇഗത്പുരിക്കടുത്തുളള പത്ര്യച്ചവാഡി എന്ന ഗ്രാമമാണ് പേരുമാറ്റിയത്. ഇര്‍ഫാന്‍ ഖാന്റെ സ്മരണ നിലനിര്‍ത്താന്‍ ഇനിമുതല്‍ ഈ ഗ്രാമം ' ഹീറോച്ചി വാഡി' എന്ന പേരില്‍ അറിയപ്പെടും.

ത്രിലാങ്‌വാടി കോട്ടയ്ക്കടുത്തുളള ഒരു ഫാം ഹൗസ് 15 വര്‍ഷം മുന്‍പ് വാങ്ങി ഇര്‍ഫാന്‍ ഗ്രാമത്തില്‍ കൃഷിചെയ്യുകയും ഗ്രാമീണരുടെ മനസ്സുകളില്‍ ഇടംനേടുകയുമായിരുന്നു. ഗ്രാമീണര്‍ക്കായി ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറുമായി രണ്ടുവര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ 2020 ഏപ്രിലില്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.

അദ്ദേഹത്തിന് ഈ നാടിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. ആംബുലന്‍സ്, കംപ്യൂട്ടറുകള്‍, പുസ്തകങ്ങള്‍, കുട്ടികള്‍ക്കായി റെയിന്‍കോട്ടുകള്‍, സ്വെറ്ററുകള്‍ എന്നിവയൊക്കെ അദ്ദേഹം സംഭാവന ചെയ്തിരുന്നു. സ്‌കൂള്‍ കെട്ടിടത്തിനും അദ്ദേഹം സഹായധനം നല്‍കി. അതിനാലാണ് ഹീറോ എന്ന അര്‍ഥത്തില്‍ ഗ്രാമത്തിന് ഹീറോച്ചി വാഡി എന്ന് പേരിട്ടതെന്ന് ഗ്രാമവാസികള്‍ പറയുന്നു.