സിനിമയിൽ ഇപ്പോഴും തുല്യവേതനമില്ല; സ്ത്രീകള്‍ ഇപ്പോഴും സ്വയം തെളിയിച്ചുകൊണ്ടിരിക്കണം -മാധുരി ദീക്ഷിത്

WEB TEAM

ഒരു വനിതാദിനംകൂടി കടന്നുപോകുന്നു. വനിതകളുടെ മാഹാത്മ്യത്തെക്കുറിച്ചും ആര്‍ജിച്ച നേട്ടങ്ങളെക്കുറിച്ചുമെല്ലാം നിരവധി അയവിറക്കലുകള്‍ക്ക് പതിവുപോലെ സാക്ഷിയായി. പക്ഷേ, സ്ത്രീക്കും പുരുഷനും തുല്യവേതനം നല്‍കുന്ന സ്ഥിതിവിശേഷം ഇനിയും കൈവരിക്കാനായിട്ടില്ല.

സ്ത്രീകള്‍ ഇപ്പോഴും തുല്യവേതനത്തിനായി പൊരുതുന്നതു സംബന്ധിച്ച് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകരായ മാധുരി ദീക്ഷിതും ഗുനീത് മോംഗയും.ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സ് (IIFA) നടത്തിയ 'ദ ജേണി ഓഫ് വിമണ്‍ ഇന്‍ സിനിമ' എന്ന പ്രത്യേക പരിപാടിയിലാണ് ഇരുവരും ഇതുസംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്.

സ്ത്രീയും പുരുഷനും തുല്യരാണെന്ന് ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരിക്കേണ്ടിവരികയാണെന്ന് തുല്യവേതനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാധുരി ദീക്ഷിത് പറഞ്ഞു.
'സ്ത്രീകളെ സംബന്ധിച്ച്, അവര്‍ തുല്യരാണെന്ന് പറയാന്‍ വീണ്ടും വീണ്ടും സ്വയം തെളിയിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

നമുക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയും.നമുക്ക് അത് ചെയ്യാന്‍ കഴിയും.പക്ഷേ, എല്ലായ്‌പോഴും അത് തെളിയിക്കേണ്ടതുണ്ട്. അതെ, ഇപ്പോഴും ഒരു അസമത്വമുണ്ട്. ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്. അത് സംഭവിക്കാതിരിക്കാന്‍ നമ്മള്‍ എല്ലാദിവസവും പ്രവര്‍ത്തിക്കേണ്ടതുണ്ട്'-മാധുരി ദീക്ഷിത് പറഞ്ഞു.

വേതനത്തിലെ ഈ അനീതിയെക്കുറിച്ച് നടന്മാര്‍ മറുപടി പറയണമെന്ന് ഗുനീത് മോംഗയും പ്രതികരിച്ചു. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നിടണം. സ്ത്രീ-2 പോലുള്ള സിനിമകള്‍ ഇനിയും വരുന്നതുവഴി അതിലേക്കെത്താന്‍ കഴിയുമെന്നും ഗുനീത് പ്രതികരിച്ചു.