കംഫര്‍ട്ടബിള്‍ അല്ല,പെണ്‍കുട്ടിയുടെ അച്ഛനായ ശേഷം മോശം സീനുകളില്‍ അഭിനയിക്കാറില്ല-അഭിഷേക് ബച്ചന്‍

WEB TEAM

വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും കാര്യങ്ങള്‍ ആരാധകരോട് പങ്കുവെയ്ക്കുന്ന വ്യക്തിയാണ് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. കഴിഞ്ഞ രണ്ട് ചിത്രങ്ങളിലായി അച്ഛന്‍- മകള്‍ ബന്ധത്തെ അഭിഷേക് ശ്രദ്ധേയമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

രണ്ട് ചിത്രങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു.മകള്‍ ആരാധ്യ പിറന്ന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് അഭിഷേക്.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് തന്റെ മനസ് തുറന്നത്.

'സെക്‌സ് സീനുകളില്‍ അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒറ്റയ്ക്ക് ഇരുന്ന് ഒരു ഷോ കാണുകയാണെങ്കിലും പെട്ടെന്ന് സ്‌ക്രീനില്‍ ഇത്തരം സീനുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്. ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ള കാര്യമാണിത്, ഒരു പെണ്‍കുട്ടിയുടെ അച്ഛനായ ശേഷം എന്റെ മകള്‍ക്ക് കൂടി കാണാന്‍ പറ്റുന്ന ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിക്കാറുള്ളു.

ഇത് എല്ലാവരും പാലിക്കേണ്ട തത്ത്വമായിട്ടല്ല പറയുന്നത്. എങ്കിലും അവള്‍ക്ക് എന്ത് തോന്നുമെന്ന് എനിക്കറിയില്ല. പക്ഷേ അവളുടെ ഭാഗവും ഞാന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു'- അഭിഷേക് ബച്ചന്‍ പറഞ്ഞുമകള്‍ ആരാധ്യയെ വളര്‍ത്തുന്നതിനെ സംബന്ധിച്ച് സി.എന്‍.ബി.സി ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിലും താരം സംസാരിച്ചിരുന്നു.

മാതാപിതാക്കള്‍ ജീവിതത്തില്‍ ചില മൂല്യങ്ങള്‍ മുറുകെപിടിക്കേണ്ടതുണ്ട്. എന്റെ മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ മകളെയും ഇത്തരത്തില്‍ സമീപിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്- അഭിഷേക് പറഞ്ഞു.

മാതാപിതാക്കള്‍ മികച്ച അധ്യാപകരാണോയെന്ന് എനിക്കറിയില്ല. കുട്ടികളെ ശരിയായ വഴിക്ക് നയിക്കാനുള്ള വികാരങ്ങളും ആഗ്രഹങ്ങളുമാണ് അവരോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നത്. എന്റെ മാതാപിതാക്കള്‍ പെരുമാറുന്നത് കണ്ടാണ് ഞാന്‍ പഠിക്കുന്നതും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും.