WEB TEAM
മധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ആലുവ മഹാദേവ ക്ഷേത്രം . ഇന്ന് ഭാരതത്തിലെ അതിപ്രധാനമായ ദേശീയ തീർത്ഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. വില്യമംഗലം സ്വാമികൾ അനന്തൻ കാട് അന്വേഷിച്ച് പോകുന്ന വഴി ക്ഷേത്രം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരുന്നു. ആ പ്രദേശം അകെ ജടവിരിച്ചു കിടക്കുന്നതായി അദ്ദേഹത്തിന്റെ ജ്ഞാന ദൃഷ്ടിയിൽ തെളിയുന്നു. അതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താനായി, ജടയിൽ ചവിട്ടാൻ പാടില്ലാത്തതിനാൽ സ്വാമി മുട്ടുകുത്തി വന്ന് ഭഗവാന്റെ സ്വയം ഭൂവായ ലിംഗ വിഗ്രഹം കണ്ടെത്തുന്നു.
തുടർന്ന് അന്നത്തെ കരപ്രമാണിമാരെയും, അടുത്ത് താമസമുണ്ടായിരുന്ന നമ്പൂതിരിമാരെയും വിളിച്ചുവരുത്തി പരമശിവന്റെ സാന്നിധ്യത്തെ കുറിച്ച് അറിയിക്കുന്നു. അതനുസരിച്ച് അന്ന് അവിടെ ഉണ്ടായിരുന്ന നമ്പൂതിരിമാർ കവുങ്ങിൻ പാളയിൽ നിവേദ്യം നൽകുന്നു. സ്വാമി ആ നിവേദ്യം ഭഗവാന് സമർപ്പിക്കുകയും ചെയ്തു.
മകരസംക്രാന്തി ദിവസമാണ് സ്വാമി മഹാദേവ ലിംഗ വിഗ്രഹം കണ്ടെത്തിയത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല ആചാരക്രമങ്ങളും ആലുവ മഹാദേവ ക്ഷേത്രത്തിലുണ്ട്. മകരം മുതൽ മേടം വരെ മാത്രമേ ക്ഷേത്രത്തിൽ ദീപാരാധന പൂജ എന്നിവ നടത്താറുള്ളു. അഞ്ചു വിളക്കുകൾ ആണ് (പഞ്ചവിളക്കുകൾ ) ഈ ക്ഷേത്രത്തിലുള്ളത്. മകരവിളക്ക്, ശിവരാത്രി വിളക്ക്, കൊടിപ്പുറത്ത് വിളക്ക്, ഉത്രവിളക്ക്, വിഷുവിളക്ക് എന്നിവയാണ് ക്ഷേത്രത്തിലെ അഞ്ചു വിളക്കുകൾ. ഈ അഞ്ചു വിളക്കുകളും ഒരു വർഷം തന്നെ ദർശിക്കുവാൻ സാധിക്കുന്നത് വളരെ പുണ്യമായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ മീന മാസത്തിൽ തിരുവാതിര പടഹാദി കൊടിയേറ്റായി ഉത്രം വിളക്കോടുകൂടി സമാപിക്കുന്ന തരത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്.
ഗംഗ നദിയായ പെരിയാർ വർഷക്കാലത്ത് കരകവിഞ്ഞ് ഒഴുകുമ്പോഴാണ് ഭഗവാന് ആറാട്ട് നടത്തുന്നത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വലിയ ഒരു കരിങ്കൽ തറ മാത്രമാണ് ഉള്ളത്. ക്ഷേത്രത്തിനെ ചുറ്റിപ്പറ്റിയുള്ള മറ്റ് എല്ലാം തന്നെ താൽക്കാലിക നിർമ്മിതികൾ മാത്രമാണ്. ശിവഭൂതഗണങ്ങളാണ് ക്ഷേത്രം നിർമ്മിച്ചത് എന്നും ഇതിൽ അസൂയമൂലം ഇന്ദ്രൻ കോഴിയായി വന്ന് കൂവിന്നു, കോഴി കൂവുന്നത് കേട്ടാ ഭൂത ഗണങ്ങൾ നേരം പുലർന്നതായി കരുതി ക്ഷേത്ര നിർമ്മാണം നിർത്തി പോയി എന്നും ഐതിഹ്യങ്ങളിൽ പറയുന്നു.
ആലുവ, കടുങ്ങല്ലൂർ, തിരുവാല്ലൂർ ഈ മൂന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുകഥ വാമൊഴിയായി പ്രചാരണത്തിൽ ഉണ്ട്. ഒരു സർപ്പം നീണ്ടുകിടക്കുന്ന പ്രതീതിയാണ് ഈ മൂന്ന് ക്ഷേത്രങ്ങളും ഉള്ളത്. സർപ്പത്തിന്റെ തലഭാഗം ആലുവായിലും നടുഭാഗം നടുങ്ങല്ലൂരും (കടുങ്ങല്ലൂർ), വാലിന്റെ ഭാഗം തിരുവാല്ലൂരുമായി എന്നാണ് കഥ .
പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലങ്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു ആ പക്ഷി ശ്രേഷ്ഠന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം (തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം (നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം (വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്. ആലുവ നഗരത്തിലും, നഗര പരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്.