ലോകത്തിലെ ഏറ്റവും വില കൂടിയ 10 വാച്ചുകൾ ഏതൊക്കെയെന്ന് അറിയാം

WEB TEAM

1. ഗ്രാഫ് ഡയമണ്ട്സ് ഹാലൂസിനേഷൻ -  480 കോടി

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ചുകളിൽ ഒന്നാം സ്ഥാനത്താണ് ഗ്രാഫ് ഡയമണ്ട്സ് ഹാലൂസിനേഷൻ വാച്ച്. 55 മില്യൺ ഡോളർ ആണ് ഈ വാച്ചിന്റെ മൂല്യം അതായത് ഇന്ത്യ രൂപ 480 കോടിയോളം വരും. 

2. ഗ്രാഫ് ഡയമണ്ട്സ് ദി ഫാസിനേഷൻ - 349 കോടി

ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള രണ്ടാമത്തെ വാച്ചും ഗ്രാഫ് ഡയമണ്ട്സിന്റേത് തന്നെ. 30 മില്യൺ ഡോളറാണ് ഈ വാച്ചിന്റെ വില, അതായത് 349 കോടി രൂപ. 38 കാരറ്റ് പിയർ ആകൃതിയിലുള്ള വജ്രമാണ് ദി ഫാസിനേഷനിൽ ഉള്ളത്. പ്ലാറ്റിനം ബ്രേസ്‌ലെറ്റിൽ സജ്ജീകരിച്ചിരിക്കുന്ന 152.96 കാരറ്റ് വെളുത്ത വജ്രങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഈ വാച്ച്.

3. പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം റഫ. 6300A-010 - 270 കോടി

47.4mm വ്യാസവും 16.1mm കനവുമുള്ള സ്റ്റെയിൻലെസ്-സ്റ്റീൽ കേസ് ഉപയോഗിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം റഫ. 6300A-010 ആണ് ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള മൂന്നാമത്തെ വാച്ച്. ഈ വാച്ചിന്റെ മൂല്യം ഏകദേശം 31 മില്യൺ ഡോളറാണ്, ഇന്ത്യൻ മൂല്യം 270 കോടിയോളം വരും.


4. ബ്രെഗേറ്റ് ഗ്രാൻഡെ കോംപ്ലിക്കേഷൻ മേരി ആൻ്റോനെറ്റ് - 250 കോടി


'ക്വീൻ' അല്ലെങ്കിൽ 'ബ്രെഗറ്റ് നമ്പർ 160' എന്നും അറിയപ്പെടുന്നു ബ്രെഗറ്റ് ഗ്രാൻഡെ കോംപ്ലിക്കേഷൻ മേരി ആന്റോനെറ്റ്. 30 മില്യൺ ഡോളർ വിലമതിക്കുന്ന ഈ വാച്ചിന്റെ ഇന്ത്യൻ മൂല്യം 250 കോടിയോളം വരും. പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്രഞ്ച് രാജ്ഞി മേരി ആൻ്റോനെറ്റിന് വേണ്ടി നിർമ്മിച്ചതാണ് ഈ സ്വർണ്ണ വാച്ച്.

5. ജെയ്‌ഗർ-ലെകോൾട്രെ ജോയ്‌ലറി 101 മാഞ്ചെറ്റ് - 226 കോടി

വെളുത്ത സ്വർണ്ണം കൊണ്ട് നിർമ്മിച്ച ജെയ്ഗർ-ലെകൂൾട്രെ ജോയിലറി 101 മാഞ്ചെറ്റ് എലിസബത്ത് രാജ്ഞിയുടെ 60 വർഷത്തെ ഭരണത്തിന്റെ ഓർമ്മയ്ക്കായി ഒരു പ്രത്യേക സമ്മാനം എന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണ്. 26 മില്യൺ ഡോളർ വിലയുള്ള ഈ വാച്ചിന്റെ ഇന്ത്യയിലെ മൂല്യം 226 കോടിയാണ്.

6. പാടെക് ഫിലിപ്പ് ഹെൻറി ഗ്രേവ്സ് സൂപ്പർ കോംപ്ലിക്കേഷൻ - 226 കോടി

1933-ൽ അമേരിക്കൻ ബാങ്കർ ഹെൻറി ഗ്രേവ്സിനായി നിർമ്മിച്ച ഒരു സ്വർണ്ണ പോക്കറ്റ് വാച്ചാണ് പാടെക് ഫിലിപ്പ് ഹെൻറി ഗ്രേവ്സ് സൂപ്പർകോംപ്ലിക്കേഷൻ. ഏഴു വർഷം കൊണ്ടാണ് ഈ വാച്ചിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. 1932 ൽ നിർമ്മിച്ച ഈ മാനുവൽ മൂവ്മെന്റ് ടൈംപീസിന്റെ വില 26 മില്യൺ ഡോളറാണ്.

7. ചോപാർഡ് 201-കാരറ്റ് - 217 കോടി

874 വജ്രങ്ങൾ അടങ്ങുന്നു ചോപാർഡ് 201 കാരറ്റ് വാച്ചിൽ. 25 മില്യൺ ഡോളർ വിലമതിക്കുന്ന ഈ വാച്ചിന് ഏകദേശം 217 കോടിയാണ് ഇന്ത്യൻ വിപണിയിലെ മൂല്യം. 2000-ൽ നിർമ്മിച്ച ഈ വാച്ചിൽ 11 കാരറ്റ് വെള്ള വജ്രം, 12 കാരറ്റ് നീല വജ്രം, 15 കാരറ്റ് പിങ്ക് വജ്രം, മഞ്ഞയും വെള്ളയും വജ്രങ്ങളുടെ 163 കാരറ്റ് സംയോജനം അടങ്ങിയിരിക്കുന്നു. 

8. റോളക്സ് പോൾ ന്യൂമാൻ ഡേറ്റോണ റഫ. 6239 - 162 കോടി


റോളക്സ് “പോൾ ന്യൂമാൻ” ഡേറ്റോണ റഫ്. 6239 ലോകത്തിലെ ഏറ്റവും പ്രശസ്തമായ വാച്ചുകളിൽ ഒന്നാണ്. സ്റ്റൈൻലെസ്സ് സ്റ്റീലിൽ നിർമ്മിച്ച ഈ വാച്ച് പ്രശസ്ത ഹോളിവുഡ് നടൻ പോൾ ന്യൂമാന്റെ ഭാര്യ അദ്ദേഹത്തിന് സമ്മാനിച്ചതായിരുന്നു. 2017 ൽ ലേലത്തിൽ ഈ വാച്ച് വിൽക്കുന്നത് 17.8 മില്യൺ ഡോളറിനായിരുന്നു.

9. ജേക്കബ് & കോ ബില്യണയർ വാച്ച് - 156 കോടി

18 കാരറ്റ് വെള്ള സ്വർണ്ണത്തിൽ നിർമ്മിച്ച വാച്ച് ഒരു ബ്രേസ്ലെറ്റ് പോലെയാണ്. ഇതിൽ 260 കാരറ്റിലധികം എമറാൾഡ് കട്ട് ഡയമണ്ടുകൾ കൊണ്ട് അലങ്കരിച്ച മനോഹരമായ സ്കെലറ്റൺ ഡയലാണ് വാച്ചിന്റെത്. ഏകദേശം 18 മില്യൺ ഡോളറിന് അടുത്തയാണ് ബില്യണയർ വാച്ചിന്റെ വില. 

10. പാടെക് ഫിലിപ്പ് സ്റ്റെയിൻലെസ് സ്റ്റീൽ റഫ. 1518 – 100 കോടി

12 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഈ വാച്ച് ഏകദേശം 100 കോടി ഇന്ത്യൻ രൂപയോളം വരും. ലോകത്തിലെ ആദ്യത്തെ സീരിയലായി നിർമ്മിച്ച പെർപെച്വൽ കലണ്ടർ ക്രോണോഗ്രാഫ് റിസ്റ്റ് വാച്ചായിരുന്നു ഇത്. മഞ്ഞ, റോസ് ഗോൾഡ് നിറങ്ങളിൽ വരുന്ന മിക്ക പാടെക് ഫിലിപ്പ് വാച്ചുകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റെയിൻലെസ് സ്റ്റീൽ കേസ് ഉണ്ട് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്.