'അഞ്ചാറ് പേരെ തട്ടിയിട്ടുണ്ട്, എല്ലാവരും മരിച്ചു കാണും': സ്റ്റേഷനിലേക്കെത്തിയ യുവാവിൻ്റെ വാക്കുകൾ വിശ്വസിക്കാൻ ആകാതെ പോലീസ്

WEB TEAM

സ്റ്റേഷനിലേക്ക് നടന്നെത്തിയ ചെറുപ്പക്കാരൻ ഒരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞത് 'പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്, എല്ലാവരും മരിച്ചു കാണുമെന്നാണ്. ഇത് വിശ്വാസത്തിലെടുക്കാൻ പോലീസുകാർക്ക് സാധിച്ചിരുന്നില്ല.

ഇത് മനോദൗർബല്യമുള്ള യുവാവ് ആണെന്നോ, ലഹരിക്ക് അടിമയാണെന്നോ ആണ് പോലീസ് കരുതിയത്. എന്നാൽ, പിന്നീടാണ് തലസ്ഥാനത്തെ ഞെട്ടിച്ച ആ കൂട്ടക്കൊലയുടെ ചുരുളഴിയുന്നത്.

നിരന്നു കിടക്കുന്ന മൃതദേഹങ്ങളാണ് വീട്ടിൽ പൊലീസുകാരെ കാത്തിരുന്നത്. കാര്യങ്ങൾ അറിയാനായി പോലീസ് ഇറങ്ങുമ്പോൾ അഫാൻ വിഷം കഴിച്ച് ജീവനൊടുക്കാൻ ഒരുങ്ങുകയായിരുന്നു.

വൈകീട്ട് ആറോടെയാണ് അഫാൻ ഓട്ടോയിൽ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിൽ എത്തിയത്. ശ്വാസമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഉമ്മ ഷമിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എല്ലാവരും മരിച്ചെന്ന വിശ്വാസത്തിലായിരുന്നു പ്രതി. കൊലപാതകത്തിന് ശേഷം ഇയാൾ ഗ്യാസ് സിലിണ്ടറും തുറന്നുവിട്ടിരുന്നു.