ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ;

WEB TEAM

ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോഡുമായി എമ്പുരാൻചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിഞ്ഞത്.

24 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോഡുകൾ ഇതിലൂടെ എമ്പുരാൻ ഭേദിച്ചു.

ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്.

കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

ചിത്രത്തിൻ്റെ വിദേശ ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ - നിർമൽ സഹദേവ്