കായംകുളത്ത് ഷവായ് ചിക്കൻ കഴിച്ച 20 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ചു
Nov 21, 2023, 16:47 IST

കായംകുളം: താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ എന്ന ഹോട്ടലിൽ നിന്ന് ഷവായ് കഴിച്ച നിരവധിപേർക്ക് ഭക്ഷ്യവിഷബാധ.ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 20ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഇതിന് പിന്നാലെയാണ് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ ഇവിടെ നിന്ന് ഷവായ് കഴിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ പലർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഛർദി, വയറിളക്കം, നടുവേദന എന്നിവയായിരുന്നു പ്രകടമാക്കിയ ലക്ഷണങ്ങൾ. മുതുകുളം, കായംകുളം, ഇലിപ്പക്കുളം പ്രദേശത്തുള്ളവരാണ് ഗവ. ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. പലരും വിവിധ സ്വകാര്യ ആശുപത്രികളിലും പലരും ചികിത്സ തേടിയിട്ടുണ്ട്.