Times Kerala

 കാലാവസ്ഥ വിള ഇൻഷുറൻസ്; 2021-22 വർഷം കർഷകർക്ക് നൽകിയത് 83 കോടി

 
കാലാവസ്ഥ വിള ഇൻഷുറൻസ്; 2021-22 വർഷം കർഷകർക്ക് നൽകിയത് 83 കോടി 
 മലപ്പുറം: കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി കഴിഞ്ഞ ഖാരിഫ് 2021 സീസണിൽ 35 കോടി രൂപയും റാബി 2021-22 സീസണിൽ 48 കോടി രൂപയും നഷ്ടപരിഹാരമായി സംസ്ഥാനത്തെ കർഷകർക്ക് നൽകിയതായി അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി അധികൃതർ അറിയിച്ചു. ഈ സീസണിലെ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും റാബി 2022-23 സീസണിലേക്കും വിജ്ഞാപനമായി.
പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴയും മരച്ചീനിയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കശുമാവ്, പച്ചക്കറി വിളകൾ (വള്ളിപയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, പച്ചമുളക്) എന്നിവയുമാണ് ജില്ലയിൽ വിജ്ഞാപനം ചെയ്തിട്ടുള്ളത്. വാഴ -300000, മരച്ചീനി (ശീതകാലം) - 125000, നെല്ല് (ശീതകാലം) - 80000, കശുമാവ് - 60000, പച്ചക്കറി വിളകൾ - 40000 എന്നിങ്ങനെയാണ് ഹെക്ടർ അനുസരിച്ചുള്ള ഇൻഷൂർ തുക. പദ്ധതിയിൻ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്‌സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകും. ബാക്കി തുക കർഷകർ അടയ്ക്കണം.
പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ അടിസ്ഥാനമാക്കി സർക്കാർ സമർപ്പിക്കുന്ന വിള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടുത്തം, മേഘവിസ്ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുക.
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഓരോ പഞ്ചായത്തിനും വിജ്ഞാപനം ചെയ്തിട്ടുള്ള കാലാവസ്ഥ നിലയത്തിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥ വിവരമനുസരിച്ച് വെള്ളപ്പൊക്കം, കാറ്റ് (വാഴ, കശുമാവ്), ഉരുൾപൊട്ടൽ എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. ഒരു സർവ്വേ നമ്പറിൽ ഒരു വിള ഒന്നിൽ കൂടുതൽ തവണ ഇൻഷുർ ചെയ്യാൻ സാധ്യമല്ല. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുള്ള കർഷകർക്ക് അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതിയിൽ ചേരാവുന്നതാനെന്നും അധികൃതർ വ്യക്തമാക്കി.
ഈ സീസണിലെ വിള ഇൻഷുറൻസ് പദ്ധതിയിൽ ഡിസംബർ 31വരെ കർഷകർക്ക് ചേരാം. www.pmfby.gov.in വഴി ഓൺലൈൻ ആയും സി.എസ്.സി ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, അംഗീകൃത ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ വഴിയും കർഷകർക്ക് പദ്ധതിയുടെ ഭാഗമാകാം. ആധാർ കാർഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടകരാർ എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവൻ, അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനിയുടെ റീജിയണൽ ഓഫീസ് (0471 2334493), ടോൾ ഫ്രീ നമ്പറായ 18004257064 ബന്ധപ്പെടണം.

Related Topics

Share this story