Times Kerala

 ഓണമുണ്ണാൻ ജൈവ പച്ചക്കറി കൃഷിയുമായി വയലാർ ഗ്രാമപഞ്ചായത്ത്

 
 ഓണമുണ്ണാൻ ജൈവ പച്ചക്കറി കൃഷിയുമായി വയലാർ ഗ്രാമപഞ്ചായത്ത്
 ആലപ്പുഴ: ഓണക്കാല ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് വയലാർ ഗ്രാമപഞ്ചായത്ത്. കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലേക്കും ഗ്രൂപ്പുകളിലേക്കുമായി വെണ്ട, വഴുതന പാവൽ, തക്കാളി, പയർ എന്നിവയുടെ 10000 തൈകളും 2000 ഹൈബ്രിഡ് തൈകളും സൗജന്യമായി വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജിയും വൈസ് പ്രസിഡന്റ് എം.ജി. നായരും ചേർന്ന് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ ഒന്നര ഏക്കറിൽ കൃഷി ചെയ്യും. കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്വയംസഹായ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വാർഡുകൾ കേന്ദ്രീകരിച്ചും പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.
ഓണപൂക്കൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായി കരപ്പുറം എൽ.പി സ്കൂളിലും പന്ത്രണ്ടാം വാർഡിലും ജമന്തി പൂ കൃഷിയും ആരംഭിച്ചിട്ടുണ്ട്.പച്ചക്കറി തൈകൾ വിതരണം ചെയ്തതിനു പുറമേ വളപ്രയോഗം, പരിപാലനം, സാങ്കേതിക സഹായം എന്നിവയും കൃഷിഭവൻ മുഖേന ഉറപ്പാക്കിയിട്ടുണ്ട്. കൃഷി ചെയ്തെടുക്കുന്ന ഉൽപ്പന്നങ്ങൾ ഓണച്ചന്ത വഴി വില്പനയ്ക്ക് എത്തിച്ച് കർഷകർക്ക് മികച്ച ലാഭം നേടി കൊടുത്ത് വരും വർഷങ്ങളിൽ കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും കൃഷിഭവനും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജിയും, കൃഷി ഓഫീസർ അഖിൽ രാജും പറഞ്ഞു.

Related Topics

Share this story