Times Kerala

 അനധികൃത കാലിത്തീറ്റകള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ജെ ചിഞ്ചുറാണി

 
 അനധികൃത കാലിത്തീറ്റകള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ജെ ചിഞ്ചുറാണി
 

മായം കലര്‍ന്ന അനധികൃത കാലിത്തീറ്റകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന കേരള നിയമസഭാ സെലക്റ്റ് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലി, കോഴി തീറ്റകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നിയമമാണ് കൊണ്ടുവരുന്നത്. കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് നിയമം നടപ്പാക്കുക. മായം ഉള്‍പ്പടെ കണ്ടെത്താന്‍ ഉന്നത നിലവാരത്തിലുള്ള ലാബുകള്‍ സ്ഥാപിക്കും. ക്ഷീരസ്വാന്തനം ഇന്‍ഷുറന്‍സ് പദ്ധതി വീണ്ടും നടപ്പാക്കും. എല്ലാ ബ്ലോക്കുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള കന്നുകാലി തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ബില്ലിലാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്കായി നിയമസഭാ സെലക്റ്റ് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം നടന്നത്.

എം എല്‍ എ മാരായ ജി എസ് ജയലാല്‍, യു പ്രതിഭ, മാത്യൂ കുഴല്‍നാടന്‍, സി കെ ആശ, ജോബ് മൈക്കിള്‍, കെ പി കുഞ്ഞഹമ്മദ് കുട്ടി, ഡി കെ മുരളി, കെ ഡി പ്രസേനന്‍, കുരുക്കോളി മൊയ്തീന്‍, നിയമസഭാ ജോയിന്റ് സെക്രട്ടറി വി ജി റിജു, ഡെപ്യൂട്ടി സെക്രട്ടറി ദീപക്, ക്ഷീരകര്‍ഷക സംഘം പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story