Times Kerala

പേരാവൂരിൽ ജൈവവള നിർമ്മാണ യൂണിറ്റ് ഒരുങ്ങുന്നു

 
പേരാവൂരിൽ ജൈവവള നിർമ്മാണ യൂണിറ്റ് ഒരുങ്ങുന്നു
 ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ടൗണുകളിലുള്ള കടകളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ ജൈവവള നിർമ്മാണ യൂണിറ്റുമായി പേരാവൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ നടപ്പാക്കുന്ന മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായാണീ പദ്ധതി. കുനിത്തലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലാണ് യൂണിറ്റ് ഒരുങ്ങുന്നത്. 2022-23 സാമ്പത്തിക വർഷത്തെ 12 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. 10 സെന്റ് സ്ഥലത്ത് കെട്ടിടനിർമ്മാണം പൂർത്തിയായി. ഇനി ആവശ്യമായ യന്ത്രങ്ങൾ സജ്ജീകരിക്കണം.
പഞ്ചായത്തിൽ നിന്നുള്ള ശുചീകരണ തൊഴിലാളികളാണ് മാലിന്യം ശേഖരിക്കുക. വിവിധ ഘട്ടങ്ങളിലുള്ള പ്രക്രിയയിലൂടെ അവ വളമാക്കി മാറ്റി പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കുകയാണ് ചെയ്യുക.
പച്ചക്കറി മാലിന്യങ്ങൾ, ഹോട്ടലുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ഭക്ഷണ മാലിന്യങ്ങൾ തുടങ്ങിയവ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുക മാത്രമല്ല അവയിൽ നിന്നും വളം ഉൽപാദിപ്പിച്ച് കൃഷിക്കായി ഉപയോഗിക്കാമെന്ന നേട്ടം കൂടി പദ്ധതിയെ ശ്രദ്ധേയമാക്കുന്നു. മാത്രമല്ല അഞ്ചോളം പേർക്ക് തൊഴിൽ ലഭ്യമാക്കാനും കഴിയും.
നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കി യൂണിറ്റ് കഴിയുന്നത്ര വേഗത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ പറഞ്ഞു.
നിലവിൽ വീടുകളിലെ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റുകളും പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ട്. കൂടാതെ ജൈവവള നിർമ്മാണ യൂണിറ്റിനോട് ചേർന്ന് തന്നെയാണ് പഞ്ചായത്തിന്റെ പുതിയ എം സി എഫും ഒരുങ്ങുന്നത്. 14 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന എം സി എഫിന്റെ നിർമ്മാണ പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്.

Related Topics

Share this story