Times Kerala

 ഇസ്രായേൽ മാതൃക കൂടുതൽ കൃഷിയിടങ്ങളിലേക്ക്

 
 ഇസ്രായേൽ മാതൃക കൂടുതൽ കൃഷിയിടങ്ങളിലേക്ക്
 ആലപ്പുഴ: ഇസ്രായേൽ മാതൃക പരീക്ഷിക്കുന്ന നൂറുകണക്കിന് കൃഷിയിടങ്ങൾ വരും നാളുകളിൽ കേരളത്തിൽ ഉണ്ടാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ 27 അംഗ സംഘത്തിലുണ്ടായിരുന്ന യുവ കർഷകൻ സുജിത്ത് ഇസ്രയേലിലെ നൂതന കൃഷിരീതികൾ അവലംബിച്ച് കൃഷിയിറക്കിയതിന്റെ നടീൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അർത്തുങ്കലിലെ ഒരേക്കർ വരുന്ന കൃഷിയിടത്തിൽ വിവിധയിനങ്ങളിലായി 1000 ടിഷ്യുകൾച്ചർ വാഴകളാണ് സുജിത്ത് കൃഷി ചെയ്യുന്നത്.ഇസ്രയേൽ സന്ദർശിച്ച 27 കർഷകരും, അവർ മനസ്സിലാക്കിയ കൃഷിരീതികൾ ആദ്യഘട്ടത്തിൽ സ്വന്തം കൃഷിയിടത്തിലും, ശേഷം മറ്റുള്ളവരുടെ കൃഷിയിടത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. വെള്ളത്തിന്റെയും വളത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തി ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിലവ് കുറച്ച് കൂടുതൽ വിളവും വരുമാനവും ലഭിക്കുന്ന തരത്തിലുള്ള കൃഷിരീതി നടപ്പിലാക്കുന്നതോടെ കേരളത്തിന്റെ കാർഷികരംഗത്ത് പുത്തനുണർവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് കർഷകരെ കൃഷികാര്യങ്ങൾ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായി സർക്കാർ മുൻകൈയെടുത്ത് വിദേശത്ത് അയച്ചതെന്നും മന്ത്രി പറഞ്ഞു. റോബസ്റ്റ, ഞാലിപ്പൂവൻ, ചെമ്പുവൻ, തുടങ്ങിയ വ്യത്യസ്തങ്ങളായ വാഴകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇസ്രായേലിൽ ഒരു കുഴിയിൽ തന്നെ മൂന്നു വാഴവെക്കുന്ന അതെ രീതിയാണ് ഇവിടെയും. ഇടവിളയായി വെള്ളരി കുമ്പളം മത്തൻ തുടങ്ങിയ വ്യത്യസ്തങ്ങളായ ഇനങ്ങളും കൃഷി ചെയ്യും. വിളവെടുക്കുന്നവ ലോക്കൽ മാർക്കറ്റുകളിൽ തന്നെ ബ്രാൻഡ് ചെയ്ത് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കർഷകനായ സുജിത്ത് വ്യക്തമാക്കി.

Related Topics

Share this story