Times Kerala

കീട-രോഗ ബാധകൾക്ക് ഉടൻ പരിഹാരം: കയ്യെത്തും ദൂരത്ത് കൃഷി ക്ലിനിക്

 
കീട-രോഗ ബാധകൾക്ക് ഉടൻ പരിഹാരം: കയ്യെത്തും ദൂരത്ത് കൃഷി ക്ലിനിക്
 

ആലപ്പുഴ: കൃഷിയിലെ കീട-രോഗ ബാധകൾക്കും മൂലകങ്ങളുടെ അപര്യാപ്തതകൾ കാരണമുണ്ടാകുന്ന പ്രശ്നങ്ങൾക്കും കർഷകർക്ക് സാങ്കേതിക സഹായം ലഭിക്കുന്നതിന് സ്ഥിരം സംവിധാനമെന്ന നിലയിൽ കൃഷി ക്ലിനിക് ഒരുക്കി ചേർത്തല തെക്ക് കൃഷിഭവൻ. 
 
കൃഷിഭവനിൽ പ്രവർത്തിക്കുന്ന വിള പരിപാലന ക്ലിനിക്കിലൂടെയാണ് കർഷകരുടെ പ്രശ്നങ്ങൾ പരിഹാരം ഒരുക്കുന്നത്. ചെടികൾക്ക് എന്തെങ്കിലും രോഗമോ ആരോഗ്യപ്രശ്നങ്ങളോ കണ്ടാൽ കർഷകന് രോഗ ലക്ഷണങ്ങളുടെ ഫോട്ടോയോ അല്ലെങ്കിൽ ചെടിയുടെ പ്രശ്നബാധിതമായ ഭാഗത്തിന്റെ സാമ്പിളുമായോ വിളപരിപാലന ക്ലിനിക്കിലെത്തിയാൽ പ്രശ്നപരിഹാര മാർഗങ്ങൾ  ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചവരെ കൃഷി ഓഫീസറടങ്ങുന്ന വിദഗ്ദ സംഘം ക്ലിനിക്കിലുണ്ടാകും. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ബയോക്ലിനിക്കിൽ നിന്ന് മരുന്നുകളും സൗജന്യമായി ലഭിക്കും. പ്രശ്നം ഗുരുതരമാണെങ്കിൽ സ്ഥലത്തെത്തി പരിശോധനയും ചികിത്സയും നൽകും. 

ഇതിലൂടെ ഓരോ സ്ഥലത്തെയും കീട-രോഗ ബാധ മുൻകൂട്ടി കണ്ടെത്താനും മറ്റ് കർഷകർക്ക് മുൻകരുതൽ നൽകാനും സാധിക്കും. കർഷകർക്ക് മികച്ച വിളവും അതിലൂടെ വരുമാന വർധനവും നേടാം. കൃഷി ഓഫീസർ റോസ്മി ജോർജ്, കൃഷി അസിസ്റ്റന്റുമാരായ സുനിൽകുമാർ, പ്രജിസ്മിത, അമൽ, പെസ്റ്റ് സ്‌കൗട്ട് രജിത എന്നിവരാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്.

Related Topics

Share this story