ബന്ദിപ്പൂ കൃഷി ആരംഭിച്ചു
Jun 16, 2023, 13:31 IST

കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ളാക്കാട്ടൂർ കിഴക്കേടത്ത് ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷി ആരംഭിച്ചു. കൃഷി ഉപ ഡയറക്ടർ ഷേർളി സക്കറിയാസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഭവന്റെ ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയിൽ ആയിരം ബന്ദിത്തൈകൾ നട്ടത്. കൃഷി വകുപ്പിന്റെ ബ്ലോക്ക് നഴ്‌സറിയായ വേങ്ങത്താനത്ത് ഉൽപാദിപ്പിച്ചതാണ് ബന്ദിത്തൈകൾ. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലെൻസി തോമസ്, കൃഷി ഓഫീസർ ടി.ആർ. സൂര്യാ മോൾ എന്നിവർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്.രാജൻ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യ ജി.നായർ എന്നിവർ പങ്കെടുത്തു.