എളവള്ളിയിൽ ഞാറ്റുവേല ഉത്സവത്തിന് അരങ്ങുണർന്നു

എളവള്ളി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്തയ്ക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്ത് തുടക്കമായി.
സൗജന്യ മണ്ണ് പരിശോധന, ഫുഡ് ഫെസ്റ്റ്, കർഷക കൂട്ടായ്മകൾ, സെമിനാറുകൾ, കലാപരിപാടികൾ, കാർഷിക ക്വിസ്, ആധുനിക കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, വിവിധതരം തൈകൾ, തൈകൾ നടീൽ വസ്തുക്കൾ, വിവിധ സ്റ്റാളുകൾ തുടങ്ങി നിരവധി കാഴ്ച്ചവിരുന്നും വിപണന മേളയുമാണ് ചന്തയിൽ ഒരുക്കിയിരിക്കുന്നത്.

കൃഷിഭവൻ, ചിറ്റാട്ടുകര - എളവള്ളി സഹകരണ ബാങ്കുകൾ, കുടുംബശ്രീ, പാടശേഖര സമിതികൾ എന്നിവർ സംയുക്തമായാണ് ചന്തയ്ക്ക് നേതൃത്വം നൽകുന്നത്. ഞാറ്റുവേല ചന്ത സന്ദർശിക്കുന്നവർക്ക് സൗജന്യമായി കുരുമുളക് തൈകൾ നൽകി. തൃശ്ശൂർ യവനിക സർഗ്ഗ വേദിയുടെ സംഗീതവിരുന്ന് സംഘടിപ്പിച്ചു.
ഞാറ്റുവേല ചന്ത ജൂലൈ രണ്ടിന് സമാപിക്കും. സമാപനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എളവള്ളി കുടുംബശ്രീ സി.ഡി.എസ്. അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടാവും.
ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആൻ്റണി എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അദ്ധ്യക്ഷനായി.
ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, കെ.ഡി.വിഷ്ണു, എൻ.ബി.ജയ, ടി.സി.മോഹനൻ, ചെറുപുഷ്പം ജോണി, ശില്പ ഷിജു, അബ്ദുൾ ഹക്കീം, സി.കെ.മോഹനൻ, സി.ഡി.എസ്ചെയർപേഴ്സൺ ഷീല മുരളി, സെക്രട്ടറി എ.എൽ.തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജി.സുബിദാസ്,കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് കുമാർ, ടി.ഡി.സുനിൽ എന്നിവർ പങ്കെടുത്തു.