Times Kerala

 മത്തന്‍ കൃഷിയില്‍ നൂറുമേനി വിളവുമായി സ്ത്രീ കൂട്ടായ്മ

 
 മത്തന്‍ കൃഷിയില്‍ നൂറുമേനി വിളവുമായി സ്ത്രീ കൂട്ടായ്മ
 

എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാണിയക്കാട് കിഴക്കേപ്രത്തെ മഹിമ വനിതാ ജെ.എല്‍.ജി. ഗ്രൂപ്പ് നടത്തിയ മത്തന്‍ കൃഷി വിളവെടുത്തു. ഗ്രാമപഞ്ചായത്തംഗം ജ്യോതി പ്രേംനാഥ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കുടുംബശ്രീയുടെയും സഹായത്തോടെ ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷി നടത്തിയത്.

വീട്ടിലെ ഒഴിവുസമയങ്ങളില്‍ കാര്‍ഷികമേഖലയില്‍ സജീവമായി ഇടപെടുകയാണ് ഈ വീട്ടമ്മമാര്‍. കേരളത്തിന്റെ കാര്‍ഷികമേഖലയെ കരുത്തുറ്റതാക്കാന്‍ സ്ത്രീകള്‍ക്കെന്ത് ചെയ്യാനാകുമെന്ന് മഹിമ ഗ്രൂപ്പ് അംഗങ്ങള്‍ തെളിയിച്ചിരിക്കുകയാണെന്ന് ഗ്രാമപഞ്ചായത്തംഗം ജ്യോതി പ്രേംനാഥ്  പറഞ്ഞു.

വാഴകൃഷി, താറാവ് വളര്‍ത്തല്‍ തുടങ്ങി സംയോജിത മാതൃകയും ഈ വനിതാ കൂട്ടായ്മ നടത്തി വരുന്നു. ഈ വര്‍ഷം പൊക്കാളി കൃഷി ആരംഭിക്കാനും മഹിമ ജെ.എല്‍.ജി ഗ്രൂപ്പ് അംഗങ്ങള്‍ ആലോചിക്കുന്നുണ്ട്. കാര്‍ഷിക വികസനസമിതി അംഗവും മുന്‍ ഗ്രാമപഞ്ചായത്തംഗവുമായ സി.എം രാജു, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, ഷീബാ ഷാജി, ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Topics

Share this story